ഹജ്ജ്്്: ഇന്ന്്് 2 വിമാനങ്ങള്‍, 680 പേര് യാത്ര തിരിക്കും
Posted on: 07 Sep 2015
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 340 ഹാജിമാര്‍ കൂടി നെടുമ്പാശ്ശേരിയില്‍ നിന്ന് യാത്രയായി. ഞായറാഴ്ച ഉച്ചയ്ക്ക് 1.40-നാണ് എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നത്. 171 പുരുഷന്മാരും 169 സ്ത്രീകളും അടക്കം 340 തീര്‍ഥാടകരാണ് ഞായറാഴ്ച പുറപ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നത്. തൃശ്ശൂര്‍ സ്വദേശിയായ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ. ഹബീബാണ് ഞായറാഴ്ച പുറപ്പെട്ട വിമാനത്തിലെ ഹജ്ജ് വളണ്ടിയര്‍. തിങ്കളാഴ്ച 680 പേര് കൂടി യാത്രയാകും. 340 പേര് വീതം കയറാവുന്ന രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളാണ് തിങ്കളാഴ്ച പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.45 നും വൈകീട്ട് 5.45-നുമാണ് വിമാനങ്ങള്‍ പുറപ്പെടുന്നത്. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനായ മലപ്പുറം സ്വദേശി സൈനുദ്ദീന്‍ നാട്ടുകല്ലിങ്ങല്‍ ഒന്നാമത്തെ വിമാനത്തിലും തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക് ജീവനക്കാരനായ എന്‍.പി. സൈനുദ്ദീന്‍ രണ്ടാമത്തെ വിമാനത്തിലും വളണ്ടിയര്‍മാരായി യാത്ര ചെയ്യും. ആദ്യ വിമാനത്തില്‍ 190 പുരുഷന്മാരും 150 സ്ത്രീകളും ഉണ്ടാകും. രണ്ടാമത്തെ വിമാനത്തില്‍ 171 പുരുഷന്മാരും 169 സ്ത്രീകളുമാണ് ഉണ്ടാകുക. രജിസ്ട്രേഷന് ശേഷം ആദ്യ വിമാനത്തില്‍ യാത്ര ചെയ്യുന്ന തീര്‍ഥാടകരുടെ ലഗേജുകള്‍ എയര്‍ ഇന്ത്യ ചെക്കിംഗ് പൂര്‍ത്തിയാക്കി ഞായറാഴ്ച വൈകീട്ട് തന്നെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. വൈകീട്ട് 5.45 ന് പുറപ്പെടുന്ന വിമാനത്തിലെ തീര്‍ഥാടകരുടെ ലഗേജുകള്‍ ക്യാമ്പില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇത് തിങ്കളാഴ്ച രാവിലെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും.