ഹജ്ജിനായി ഒരു വിമാനം കൂടി അനുവദിച്ചു
Posted on: 07 Sep 2015
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന നെടുമ്പാശ്ശേരിയില്‍ നിന്ന് ഹജ്ജിന് പുറപ്പെടുന്ന ഹാജിമാര്‍ക്കായി ഒരു വിമാനം കൂടി അധികമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുവദിച്ചു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അടിയന്തര ഇടപെടല്‍ മൂലമാണ് വിമാനം അനുവദിച്ചു കിട്ടിയത്. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് പുറപ്പെടാന്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്ന് അധികമായി അവസരം ലഭിച്ചവര്‍ക്കാണ് ഇതിന്റെ ഗുണം ലഭ്യമാകുക. 17 ന് ഉച്ചയ്ക്കുശേഷം 2.20-നാണ് അധികമായി അനുവദിച്ച എയര്‍ ഇന്ത്യ വിമാനം പുറപ്പെടുന്നത്. ഈ വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് 200 തീര്‍ഥാടകരാണ് യാത്രയാകുന്നത്. 340 യാത്രക്കാര്‍ക്ക് കയറാവുന്ന എയര്‍ ഇന്ത്യ വിമാനം തന്നെയാണ് അധിക സര്‍വീസിനായി നെടുമ്പാശ്ശേരിയില്‍ എത്തുന്നത്. ഇതില്‍ ബാക്കിയുള്ള 140 സീറ്റിലേക്കുള്ള യാത്രക്കാര്‍ നാഗ്പുര്‍ വിമാനത്താവളത്തില്‍ നിന്നുമാണ് കയറുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ അധികമായി ഹജ്ജിന് അവസരം ലഭിച്ച തീര്‍ഥാടകരെ മുംബൈയില്‍ എത്തിച്ച ശേഷം അവിടെ നിന്നാണ് യാത്രയാക്കിയത്. ഒരു സര്‍വീസ് കൂടി അനുവദിച്ചതോടെ എയര്‍ ഇന്ത്യ നെടുമ്പാശ്ശേരിയില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന സര്‍വീസുകള്‍ 20 ആയി.