കള്ളനോട്ട് കേസ്; എസ്.ഐയും സംഘവും രാജസ്ഥാനില്‍
Posted on: 07 Sep 2015
ആലുവ: രാജസ്ഥാന് സ്വദേശികളുടെ പക്കല്‍ നിന്നും കള്ളനോട്ട് പിടികൂടിയ കേസില്‍ കൂട്ടു പ്രതികള്‍ക്കായി ആലുവ പൊലീസ് രാജസ്ഥാനിലേക്ക് തിരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ആലുവ പ്രിന്‍സിപ്പല്‍ എസ്.ഐ പി.എ. ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ട്രെയിനില്‍ രാജസ്ഥാനിലേക്ക് പോയത്.
പ്രതികള്‍ക്ക് കള്ളനോട്ട് നല്‍കിയതായി പറയുന്ന രാജസ്ഥാന് സ്വദേശി മുകേഷ് എന്നയാളെ തേടിയാണ് പൊലീസ് രാജസ്ഥാനിലേക്ക് തിരിക്കുന്നത്. ആഗസ്ത് 19 നാണ് 500 രൂപയുടെ 14 കള്ളനോട്ടുമായി രാജസ്ഥാന് ജലൂര്‍ ജില്ലക്കാരനായ ബന്‍വര്‍ലാല്‍ (പവന്ലാല് 32) ആണ് ആദ്യം നാട്ടുകാരുടെ പിടിയിലാവുന്നത്. അടുത്തടുത്ത കടകളില്‍ നിന്നും നിസ്സാര വിലയുള്ള സാധനങ്ങള്‍ വാങ്ങിയ ശേഷം 500 രൂപയുടെ നോട്ടുകള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടവരാണ് സംശയം തോന്നി ഇയാളെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയത്.
ഒറിജിനല്‍ നോട്ടിനെ വെല്ലുന്ന കള്ളനോട്ടുകളായതിനാല് പൊലീസ് ആദ്യം കാര്യമാക്കിയില്ല. കസ്റ്റഡിയിലായയാളെ വിടാതെ അടുത്ത ദിവസം ദേശസാത്കൃത ബാങ്കില്‍ പണം വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് കള്ളനോട്ടുകളാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പ്രതിയില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് എറണാകുളം ജ്യൂസ് സ്ട്രീറ്റില്‍ ഫാന്‍സി ഷോപ്പ് നടത്തുന്ന രാജസ്ഥാന് സൈലോര്‍ രേവത്തട ഗ്രാമത്തില്‍ ദിനേശ് കുമാര്‍ (39) നെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ പുല്ലേപ്പടിയിലെ വാടക വീട്ടില്‍ നിന്നും കള്ളനോട്ടുകളും കള്ളനോട്ടുകള്‍ മാറി സൂക്ഷിച്ച 1,64,830 രൂപയും പിടിച്ചെടുത്തിരുന്നു. പിടിയിലായവര്‍ തമ്മില്‍ വര്‍ഷങ്ങളായി കള്ളനോട്ട് ഇടപാട് നടത്തുന്നതായി പോലീസ് പറഞ്ഞു. മുംബൈയില്‍ നിന്നും ഫാന്‍സി ഐറ്റംസ് എത്തിച്ച് നല്കുന്ന ബന്‍വര്‍ലാല്‍ ഇതോടൊപ്പം ദിനേശ് കുമാറിന് കള്ളനോട്ടും നല്‍കും. ഇത് ഫാന്‍സി കടയിലെത്തുന്ന ഇടപാടുകാര്‍ക്ക് യഥാര്‍ത്ഥ നോട്ടുകള്‍ക്കൊപ്പം നല്‍കിയാണ് മാറ്റിയിരുന്നതെന്നാണ് പ്രതികള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്.