രാഷ്ട്രീയ മത്സരം തിരഞ്ഞെടുപ്പ് വരെ മതി -മുഖ്യമന്ത്രി
Posted on: 07 Sep 2015
പിറവം: രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള മത്സരം തിരഞ്ഞെടുപ്പോടെ അവസാനിക്കണമെന്നും പിന്നെയും ആര്‍ക്കെങ്കിലും മത്സരിക്കണമെന്നുണ്ടെങ്കില്‍ അത് ജനങ്ങള്‍ക്കായി ആര്‍ക്ക് കൂടുതല്‍ നന്മ ചെയ്യാന്‍ കഴിയും എന്ന നിലയിലാകണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.
പിറവത്ത് പിറവം ഗ്രാമപഞ്ചായത്തിന്റെ 2015-16 വര്‍ഷത്തെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പിറവത്തെ കുട്ടികളുടെ പാര്‍ക്കില്‍ നടന്ന യോഗത്തില്‍ മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷനായി.
സ്വന്തമായി സ്ഥലമോ, വീടൊ ഇല്ലാത്ത മൂന്ന് നിര്‍ധന കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ചു നല്കിയ വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി നിര്‍വഹിച്ചു. സ്പെഷല്‍ ഒളിംബിക്സില് ഇന്ത്യക്കായി രണ്ട് സ്വര്‍ണം നേടിയ പിറവം സ്നേഹഭവനിലെ ബിന്‍സി ജോണിന് പിറവം ഗ്രാമപഞ്ചായത്തിന്റെ പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു.
കൊച്ചിന് റിഫൈനറിയുടെ സഹായത്തോടെ കണ്ണിറ്റുമലയില് നിര്‍മ്മിച്ച ഗ്യാസ് ക്രിമറ്റോറിയം മന്ത്രി കെ. ബാബു നാടിന് സമര്‍പ്പിച്ചു.
തൊഴില്‍രഹിതരായ യുവാക്കള്‍ക്കായി നടപ്പാക്കിയ ഹീ ടാക്സി പദ്ധതി മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി പുതുക്കിപ്പണിയുന്ന അഞ്ച് അങ്കണവാടികളുടെ നിര്‍മ്മാണോദ്ഘാടനവും അനൂപ് ജേക്കബ് നിര്‍വഹിച്ചു. ക്ഷീര കര്‍ഷകര്‍ക്ക് ഗ്രാമപഞ്ചായത്ത് നല്കുന്ന കാലിത്തിറ്റ സബ്സിഡി കേരള ഫീഡ്സ് എംഡി ഫ്രാന്‍സീസ് ജോര്‍ജ് വിതരണം ചെയ്തു.
വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ചെല്ല്യത്തുപാടം പുളിക്കപ്പടി റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.പി. പൗലോസ് നിര്‍വഹിച്ചു.
ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസ്, മുന്‍ എംഎല്‍എ എം.ജെ. ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐഷ മാധവന്, കെപിസിസി സെക്രട്ടറി ജെയ്സണ്‍ ജോസഫ്, കൊച്ചിന് റിഫൈനറി ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസ്, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വില്‍സണ്‍ കെ. ജോണ്‍, പിറവം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ഡോമി എന്നിവരും ഗ്രാമപഞ്ചായത്തംഗങ്ങളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുത്തു.