കെ.എസ്.ആര്.ടി.സി. ഡീസല്‍ ടാങ്കില്‍ വെള്ളം കയറി 13 ബസ്സുകള്‍ നിലച്ചു; 8000 ലിറ്റര്‍ ഡീസല്‍ നശിച്ചു
Posted on: 07 Sep 2015
മൂവാറ്റുപുഴ: മൂവാറ്റുപുഴ കെ.എസ്.ആര്.ടി.സി. ബസ് ഡിപ്പോയിലെ ഡീസല്‍ ടാങ്കില്‍ വെള്ളം കയറി. 8000 ലിറ്റര്‍ ഡീസല്‍ ഉപയോഗ ശൂന്യമായി. വെള്ളം കലര്‍ന്നതറിയാതെ ഡീസലടിച്ച 13 ബസ്സുകള്‍ കട്ടപ്പുറത്തായി. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള ബസ്സുകളാണ് ഓട്ടം നിലച്ച് വഴിയില്‍ കിടന്നത്. 10 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
ഡിപ്പോയിലെ ടാങ്കിനു സമീപമുള്ള തോട് കെ.എസ്. ആര്.ടി.സി. ബസ് സ്റ്റാന്‍ഡ് നിര്‍മാണം നടത്തുന്നവര്‍ മണ്ണിട്ടുമൂടിയതാണ് പ്രശ്നമായത്. ശനിയാഴ്ച രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ വെള്ളം ഇവിടെ കെട്ടിക്കിടന്ന് സംഭരണിയിലേക്കിറങ്ങിയതാണ് പ്രശ്നമായതെന്ന് കെ. എസ്.ആര്.ടി.സി. അധികൃതര്‍ പറയുന്നു. സംഭരണിയിലേക്ക് വെള്ളം ഒഴുകാതിരിക്കാനായി പ്രത്യേകം നിര്‍മിച്ചിരുന്ന ഓട ഇല്ലാതായതോടെ വെള്ളം ഒഴുകിപ്പോകാതെ സംഭരണിയിലേക്കിറങ്ങിയതാകാമെന്നാണ് നിഗമനം. ഓട നികത്തുന്നതു സംബന്ധിച്ച് അധികൃതരോട് ആലോചിച്ചില്ലെന്നും പറയുന്നു.
രണ്ട് സംഭരണികളാണ് ഇവിടെയുള്ളത്. അടുത്തടുത്തുള്ള ഒരു സംഭരണിയിലാണ് വെള്ളം കയറിയത്. ഇതില്‍ നിന്ന് ഡീസലടിച്ച ബസ്സുകളാണ് നിന്നുപോയത്. രാവിലെ 5 മണിക്ക് തൃശ്ശൂരിലേക്കു പോകുന്ന ബസ്സിലും ഈ ഡീസലടിച്ചു. ബസ് അല്പദൂരത്തിനുള്ളില് നിന്നു. പിന്നീട് പല ബസ്സുകളും ഇതേപോലെ നിന്നതോെടയാണ് സംശയം ബലപ്പെട്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ വെള്ളം കണ്ടെത്തുകയായിരുന്നു.
പല ഉള്‍നാടന്‍ സര്‍വീസുകളും വെട്ടിക്കുറച്ചാണ് ഞായറാഴ്ച പ്രധാന സര്‍വീസുകള്‍ നടത്തിയത്. വെള്ളം കയറിയ ബസ്സുകള്‍ നന്നാക്കിയ ശേഷമേ ഓടിക്കാനാകൂ. ഈ ഇനത്തില്‍ നല്ല തുക മുടക്കു വരും. സര്‍വീസ് മുടങ്ങിയ ഇനത്തിലും ഡീസല്‍ നഷ്ടപ്പെട്ട ഇനത്തിലും വലിയ നഷ്ടമാണ് വരിക. സര്‍വീസുകള്‍ ഇനിയും മുടങ്ങിയാല്‍ നഷ്ടം വലിയ തോതില്‍ കൂടും. ബസ്സുകള്‍ക്ക് കേടുപാടുകള്‍ വന്നാല്‍ നഷ്ടത്തോത് ഇനിയും കൂടും.