സമുദായ സര്‍ട്ടിഫിക്കറ്റ് നടപടിക്രമം പാലിച്ചല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്‌

Posted on: 07 Sep 2015കൊച്ചി: പി.എസ്.സി.യില്‍ സെക്ഷന്‍ ഓഫീസറായി പട്ടികവര്‍ഗ സംവരണ തസ്തികയില്‍ നിയമനത്തിന് സാജു ജോര്‍ജ് ഹാജരാക്കിയ സമുദായ സര്‍ട്ടിഫിക്കറ്റ് നടപടിക്രമം പാലിച്ചുള്ളതല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. നിലവില്‍ പി.എസ്.സി. സെക്രട്ടറിയാണ് സാജു ജോര്‍ജ്. മല അരയ വിഭാഗത്തില്‍പ്പെട്ടയാളാണ് സാജു ജോര്‍ജെന്ന് കാണിച്ച് സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത് നെടുമങ്ങാട് ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍.എം. എബ്രഹാമാണ്.
സാജു ജോര്‍ജ് താമസിക്കുന്ന പ്രദേശത്ത് അധികാര പരിധിയുള്ള തഹസില്‍ദാറല്ല സാക്ഷ്യപത്രം നല്‍കിയിട്ടുള്ളതെന്നും അതിനാല്‍ സാധുവല്ലെന്നുമാണ് പി.എസ്.സി.യുടെ വിജിലന്‍സ്, സുരക്ഷ ഓഫീസര്‍ പി.എസ്. സാബു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സാജു ജോര്‍ജിന്റെ അമ്മാവനാണ് എന്‍.എം. എബ്രഹാം.
സാധുവല്ലാത്ത സാക്ഷ്യപത്രം നല്‍കി നിയമനാധികാരിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിന് അപേക്ഷകനായ സാജു ജോര്‍ജിനെതിരെ പി.എസ്.സി.യുെട ചട്ടപ്രകാരം നടപടി വേണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. നെടുമങ്ങാട് തഹസില്‍ദാര്‍ എന്ന നിലയില്‍ ഔദ്യോഗിക പദവി ദുരുപയോഗിച്ച് സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് എബ്രഹാമിനെതിരെ നടപടി വേണമെന്നും ശുപാര്‍ശയുണ്ട്.
വിവരാവകാശ നിയമപ്രകാരം അഡ്വ. ഡി.ബി. ബിനു നല്‍കിയ അപേക്ഷയിലാണ് പൊതുഭരണ വകുപ്പില്‍ നിന്ന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നത്. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറിന് ലഭിച്ചിട്ടുണ്ടെങ്കിലും തുടര്‍ നടപടിയുണ്ടായിട്ടില്ല.

More Citizen News - Ernakulam