വധശിക്ഷ: പ്രതികാര മനോഭാവം സുപ്രീം കോടതിയെ ബാധിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം - ഡോ. അനൂപ് സുരേന്ദ്രനാഥ്
Posted on: 07 Sep 2015
കൊച്ചി: വധശിക്ഷയുടെ കാര്യത്തില്‍ പ്രതികാര മനോഭാവം സുപ്രീം കോടതിയെ പോലും ബാധിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് മുന്‍ സുപ്രീം കോടതി ഡപ്യൂട്ടി രജിസ്ട്രാര്‍ ഡോ. അനൂപ് സുരേന്ദ്രനാഥ്.
ദേശീയ താത്പര്യം മുന്‍നിര്‍ത്തിയുള്ള കേസുകളില്‍ വധശിക്ഷ നല്‍കണമെന്ന സാധാരണ ജനത്തിന്റെ മനോഭാവം കോടതികള്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് എറണാകുളം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വധശിക്ഷ നിരോധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെ തുടര്‍ന്ന് ഔദ്യോഗിക സ്ഥാനം രാജിവെയ്ക്കുകയും ചെയ്ത വ്യക്തിയാണ് ഡോ. അനൂപ് സുരേന്ദ്രനാഥ്.
വധശിക്ഷ വിധിക്കുന്ന കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായ പല തെളിവുകളും രേഖകളും പരിഗണിക്കുന്നതില്‍ കോടതി ജാഗ്രത കാണിക്കുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. വധശിക്ഷ ശരിവെയ്ക്കുന്നത് ബന്ധപ്പെട്ട ബെഞ്ചിന്റെ ഏകകണ്ഠമായ നിലപാടിലൂടെയായിരിക്കണമെന്നത് കോടതികള്‍ ശ്രദ്ധിക്കണം. മൂന്നില്‍ രണ്ടും നാലില്‍ മൂന്നും ഭൂരിപക്ഷാഭിപ്രായമുണ്ടെന്ന പേരില്‍ വധശിക്ഷ വിധിക്കാനാവില്ല. ഭൂരിപക്ഷ അഭിപ്രായത്തിന്റെ പേരില്‍ നടപ്പാക്കാവുന്ന ഒന്നല്ല വധശിക്ഷ. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ കീഴ്ക്കോടതികള്‍ വധശിക്ഷയ്ക്ക് വിധിച്ച 1700 പേരില്‍ 65 ശതമാനം പേരുടെ വധശിക്ഷയും ഹൈക്കോടതി റദ്ദാക്കി. ഇതില്‍ 30 പേരെ കേസില്‍ നിന്ന് തന്നെ കുറ്റവിമുക്തരാക്കി. 95 ശതമാനം വധശിക്ഷകളും ഇളവ് ചെയ്യപ്പെടുകയോ വെറുതെ വിടപ്പെടുകയോ ചെയ്തു. ഇത് നിയമ സംവിധാനത്തിന്റെ നേട്ടമല്ല, മറിച്ച് ദൗര്‍ബല്യമായി കണക്കാക്കണമെന്നും ഡോ. അനൂപ് പറഞ്ഞു.
ക്രിമിനല്‍ നീതി സംവിധാനം കുറേക്കൂടി വേഗത്തിലും കാര്യക്ഷമതയിലും പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വധശിക്ഷ വിധിക്കപ്പെടുന്നവരില്‍ 75 ശതമാനവും സാമൂഹികമായും സാമ്പത്തികമായും താഴെക്കിടയിലുള്ളവരും ന്യൂനപക്ഷ സമുദായാംഗങ്ങളുമാണ്. ഇവര്‍ക്ക് ശരിയായ നിയമ പ്രാതിനിധ്യം കോടതികളില്‍ ലഭിക്കുന്നില്ല. ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി വധശിക്ഷയാക്കി ഉയര്‍ത്തുമ്പോള്‍ അപ്പീല്‍ നല്‍കാനുള്ള അവസരം നഷ്ടമാകുന്നുവെന്ന കാര്യം കൂടി പരിഗണിക്കണമെന്നും ഇക്കാര്യത്തില്‍ സുപ്രീം കോടതി വേണ്ടത്ര ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് ജില്ലാ പ്രസിഡന്റ് കെ.ഡി. വിന്‍സെന്റ് അധ്യക്ഷനായി. സി.പി.എം. ജില്ല സെക്രട്ടറി പി. രാജീവ്, സീനിയര്‍ അഭിഭാഷകന് അഡ്വ. സി.പി. സുധാകര പ്രസാദ്, എന്‍.എ. അലി തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ജില്ല പ്രസിഡന്റായി അഡ്വ. ടി.പി. രമേശിനെയും സെക്രട്ടറിയായി അഡ്വ. കെ.കെ. നാസറിനെയും ട്രഷററായി അഡ്വ. ദിനേശ് മാത്യു മുരിക്കനെയും തിരഞ്ഞെടുത്തു.