വീട്ടുമുറ്റത്തിട്ട് മൂന്ന് വയസ്സുകാരനെ തെരുവുനായ കടിച്ചുകീറി; അത്യാസന്ന നിലയില്‍ ആശുപത്രിയില്‍

Posted on: 07 Sep 2015കോതമംഗലം: തെരുവുനായയുടെ കടിയേറ്റ മൂന്നു വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍. തൃക്കാരിയൂര്‍ ആമല അമ്പോലിക്കാവിന് സമീപം തൃക്കാരുകുടിയില്‍ രവി-അമ്പിളി ദമ്പതിമാരുടെ മകന്‍ ദേവാനന്ദിനാണ്
(അമ്പാടി-3) കടിയേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.45-നാണ് സംഭവം.വീടിന് മുന്‍ഭാഗത്ത് വരാന്തയില്‍ അമ്പാടി തനിച്ച് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അമ്പിളി കുഞ്ഞിന് ചോെറടുക്കാന്‍ അടുക്കളയിലേക്ക് പോയ സെക്കന്‍ഡുകള്‍ക്കിടയിലാണ് നായയുടെ ആക്രമണം ഉണ്ടായത്.
വരാന്തയില്‍ നിന്ന് നായ കുട്ടിയെ കടിച്ചുവലിച്ച് മുറ്റത്തേക്കിട്ട് കടിക്കുകയായിരുന്നു. കുഞ്ഞിന്റെ നിലവിളി കേട്ട് അമ്മ അമ്പിളിയും മുത്തശ്ശി കാര്‍ത്ത്യായനിയും ഏഴു വയസ്സുകാരി ചേച്ചി ലക്ഷ്മിയും ഓടിയെത്തിയപ്പോള്‍ കണ്ട കാഴ്ച ഭീതിജനകമായിരുന്നു. മുറ്റത്തിട്ട് നായ കുഞ്ഞിനെ കടിച്ചുപറിക്കുകയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ വാവിട്ട് കരയുന്ന കുട്ടിയും. കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നായയുടെ കടിയും മാന്തും ഏറ്റിരുന്നു. വീട്ടുകാര്‍ ബഹളം കൂട്ടി നായയെ ഒരുകണക്കിന് തുരത്തി ഓടിച്ചു. ഓടിക്കൂടിയ സമീപവാസികള്‍ ചേര്‍ന്ന് കുട്ടിയെ ഉടന്‍ കോതമംഗലത്തെ സ്വകാര്യ ആസ്​പത്രിയില്‍ എത്തിച്ചു. കുഞ്ഞിന്റെ മുഖത്ത് വിവിധ ഭാഗത്ത് കടിയേറ്റിട്ടുണ്ട്. രണ്ട് കണ്ണിനും ചുണ്ടിനും കഴുത്തിന് പിന്‍ഭാഗത്തും കടിയേറ്റ് ആഴത്തിലുള്ള മുറിവ് പറ്റിയിട്ടുണ്ട്. കൈകാലുകളിലും പരിക്കുണ്ട്. ഇടത് കണ്ണിന്റെ മേല്‍പോളയും വലത് കണ്ണിന്റെ താഴത്തെ പോളയും കടിയേറ്റ് അടര്‍ന്നുതൂങ്ങി അറ്റുപോവാറായ നിലയിലാണെന്ന് രവി 'മാതൃഭൂമി'യോട് പറഞ്ഞു.
കോതമംഗലത്തെ ആശുപത്രിയില്‍ പ്രഥമ ശ്രുശ്രൂഷ നല്‍കി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കണ്ണിന് സാരമായ മുറിവുണ്ടെന്ന് കണ്ടെത്തി. വാക്‌സിനേഷന്‍ നല്‍കി അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആസ്​പത്രിയിലേക്ക് റഫര്‍ ചെയ്തു. എല്‍.എഫ്. ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ഇടത് കണ്ണിന്റെ ഞരമ്പിന് ക്ഷതമേറ്റതായി പരിശോധനയില്‍ കണ്ടെത്തി. തിങ്കളാഴ്ച ഓപ്പറേഷന്‍ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ആശുപത്രി കിടക്കയില്‍ വേദന സഹിക്കവയ്യാതെ അമ്പാടി അലമുറയിട്ട് കരയുകയാണ്. കുഞ്ഞിന്റെ ദയനീയാവസ്ഥ കണ്ട് അമ്മ അമ്പിളി അബോധാവസ്ഥയിലായി.
രവിയുടേത് നിര്‍ധന കുടുംബമാണ്. കുട്ടിയുടെ ഓപ്പറേഷനും തുടര്‍ ചികിത്സയ്ക്കും എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം.
കുട്ടിയെ ആക്രമിച്ച കറുത്ത നിറത്തിലുള്ള നായ പരിസരത്ത് രാവിലെ മുതല്‍ ഓടി നടക്കുന്നുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കുട്ടിയെ ആക്രമിച്ച ശേഷം സമീപത്തെ പല വീടുകളുടെ മുറ്റത്തു കൂടിയാണ് നായ കടന്നു പോയത്. നായയുടെ ആക്രമണത്തില്‍ ആമല പ്രദേശവും പരിസരവും ഭീതിയിലാണ്. കുട്ടിയുടെ ചികിത്സയ്ക്ക് സര്‍ക്കാര്‍ അടിയന്തര ധനസഹായം നല്‍കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

More Citizen News - Ernakulam