ശോഭായാത്രയ്ക്ക് വെളിച്ചമില്ല; കളക്ടറുടെ ക്യാമ്പ് ഓഫീസിന് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ഭജനയും
Posted on: 06 Sep 2015
കൊച്ചി: ശ്രീകൃഷ്ണ ജയന്തി ദിവസത്തില്‍ ശോഭായാത്ര ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ എത്തിയപ്പോള്‍ വെളിച്ചം നല്കാതിരുന്നതില് പ്രതിഷേധിച്ച് ശോഭായാത്രയില്‍ പങ്കെടുത്ത കുട്ടികളും മാതാപിതാക്കളും ബാലഗോകുലം പ്രവര്‍ത്തകരും കളക്ടറുടെ ക്യാമ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഓഫീസിന് മുന്നിലെ റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ ഭജനയും നടത്തി.
വര്‍ഷങ്ങളായി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലാണ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ശോഭായാത്രകള്‍ സംഗമിക്കുന്നതും ഉറിയടി അടക്കമുള്ള ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതും.
എന്നാല്‍ ശനിയാഴ്ച ശോഭായാത്ര എത്തിയപ്പോള്‍ ഗ്രൗണ്ടിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ തെളിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. സ്റ്റേജില്‍ നിന്നുള്ള വെളിച്ചം മാത്രമാണ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്നത്. ഓണാഘോഷം പ്രമാണിച്ച് ഗ്രൗണ്ട് നിറയെ പ്രത്യേക വെളിച്ചം ക്രമീകരിച്ചിരുന്നു. എന്നാല്‍ ശോഭായാത്ര എത്തിയ സമയം ഗ്രൗണ്ടില്‍ ഇരുട്ടായിരുന്നു. ഇരുട്ടില്‍പ്പെട്ട് ചില കുട്ടികള്‍ തട്ടി നിലത്ത് വീണതോടെ സംഘാടകരും ശോഭായാത്രയ്ക്കെത്തിയ കുട്ടികളുടെ മാതാപിതാക്കളും രോഷാകുലരായി. പരിക്കേറ്റ ഏതാനും കുട്ടികളെ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി. അധികാരികളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ലെന്നും ആക്ഷേപമുണ്ട്.
തുടര്‍ന്ന് കുട്ടികളും സംഘാടകരും കളക്ടറുടെ ക്യാമ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. വി. സതീഷ് കുമാര്‍, എസ്.ജെ.ആര്. കുമാര്‍, മേലെത്ത് രാധാകൃഷ്ണന്, സി. രാജഗോപാല്‍, സി.വി. അതികായന്, കൗണ്‍സിലര്‍ സുധ ദിലീപ്കുമാര് എന്നിവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്കി.