കൊച്ചിയുടെ പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റിന് ഉടനെ അനുമതി- മുഖ്യമന്ത്രി

Posted on: 06 Sep 2015കൊച്ചി: കൊച്ചി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും മാലിന്യ പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള സംസ്‌കരണ പ്ലാന്റിന് സര്‍ക്കാര്‍ ഉടനെ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ ശുചിത്വ നഗരങ്ങളില്‍ ഒന്നാമതെത്താന്‍ കൊച്ചിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ചേരാനല്ലൂര്‍ പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പദ്ധതി, ചിറ്റൂര്‍ ഫെറി സൗന്ദര്യവത്കരണം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മാണം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തെ 400 നഗരങ്ങളില്‍ നിന്ന് ഏറ്റവും ശുചിത്വമുള്ള നഗരങ്ങളില്‍ നാലാമതായി കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തത് കൊച്ചിയെയാണ്. നിലവിലുള്ള സംസ്‌കരണ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് കൊച്ചി ഈ നേട്ടം കൈവരിച്ചത്. പുതിയ പ്ലാന്റിന് അനുമതി നല്‍കുന്നതോടെ ഒന്നാമതെത്താനുള്ള ദൗത്യം കൊച്ചി നഗരസഭ ഏറ്റെടുക്കണം.
മാലിന്യ സംസ്‌കരണത്തിന് കൊച്ചി നഗരസഭയും ആസ്റ്റര്‍ മെഡ്‌സിറ്റിയുമായി സഹകരിച്ച് ചേരാനല്ലൂര്‍ പഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതി മറ്റ് പഞ്ചായത്തുകള്‍ മാതൃകയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഹൈബി ഈഡന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജോര്‍ജ് ഈഡന്‍ സ്മാരക ഗ്രാമീണ വായനശാലയുടെ ഉദ്ഘാടനം മന്ത്രി കെ. ബാബു നിര്‍വഹിച്ചു. പട്ടികജാതി വകുപ്പിന് കീഴിലുള്ള ഗവ. ഹോമിയോ ഡിസ്‌പെന്‍സറി കെ.വി. തോമസ് എം.പി.യും പട്ടികജാതി വനിതകള്‍ക്കായുള്ള തൊഴില്‍ പരിശീലന കേന്ദ്രം ഹൈബി ഈഡന്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉപകേന്ദ്രം ലൂഡി ലൂയിസ് എം.എല്‍.എ. നാടിന് സമര്‍പ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സുരേഷ് ബാബു, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ഐസക്, ജില്ലാ പഞ്ചായത്ത് അംഗം എം.വി. ലോറന്‍സ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ്, വിന്‍സി ഡേറീസ്, ജോളി എളംപ്ലാശ്ശേരി, സി.കെ. രാജു, ട്രീസ തോമസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam