റെയില്‍വേ ഉദ്യോഗസ്ഥരുടെ തര്‍ക്കം; കോട്ടയം പാസഞ്ചര്‍ ഒരു മണിക്കൂര്‍ വൈകി
Posted on: 06 Sep 2015
കൊച്ചിന്മ: തീവണ്ടിയുടെ ബ്രേക്ക് പവര്‍ സര്‍ട്ടിഫിക്കറ്റിനെ ചൊല്ലി ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ തര്‍ക്കം മൂലം കോട്ടയം പാസഞ്ചര്‍ വൈകിയത് ഒരു മണിക്കൂര്‍.സര്‍ട്ടിഫിക്കറ്റില്‍ തീവണ്ടിയുടെ നമ്പര്‍ രേഖപ്പെടുത്തിത്തരാതെ ഇത് ഓടിക്കില്ലെന്ന ലോക്കോ പൈലറ്റിന്റെ നിലപാടാണ് പ്രശ്നമായത്. രാത്രി 8.25ന് പുറപ്പെടേണ്ട പാസഞ്ചര്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടതോടെ യാത്രക്കാര്‍ പ്ലാറ്റ്ഫോമില്‍ പ്രതിഷേധ പ്രകടനം നടത്തി.പിന്നീട് റെയില്‍വേ മെക്കാനിക്കല്‍ വിഭാഗം പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെത്തുടര്‍ന്ന് രാത്രി ഒന്‍പതരയോടെയാണ് ട്രെയിന്‍ പുറപ്പെട്ടത്.
പാസഞ്ചറിന് നേരത്തേ തന്നെ മെക്കാനിക്കല്‍ വിഭാഗം ബ്രേക്ക് പവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇതില്‍ ട്രെയിന്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ വിലയില്ലെന്നും നമ്പര്‍ രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് തന്നാേല തീവണ്ടി ഓടിക്കൂ എന്നും ലോക്കോ പൈലറ്റ് പി.കെ. വര്‍ഗീസ് വ്യക്തമാക്കി. ഈ സര്‍ട്ടിഫിക്കറ്റ് മതിയെന്നും തീവണ്ടി പോകുന്നതിനു തടസ്സമില്ലെന്നും മെക്കാനിക്കല്‍ വിഭാഗം നിലപാടെടുത്തു. ഇതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി ലോക്കോ പൈലറ്റിന് നേരെ തിരിഞ്ഞു. ഓള് കേരള റെയില്‍വേ യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് പോള്‍ മാന്‍വെട്ടത്തിന്റെ നേതൃത്വത്തില്‍ പ്ലാറ്റ്ഫോമില്‍ പ്രകടനം നടത്തി. തുടര്‍ന്ന് മെക്കാനിക്കല്‍ വിഭാഗം ട്രെയിന്‍ നമ്പര്‍ രേഖപ്പെടുത്തി പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെയാണു വര്‍ഗീസ് ട്രെയിന്‍ ഓടിക്കാന്‍ തയ്യാറായത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഓള് ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന് സെക്രട്ടറി കൂടിയായ പി.കെ. വര്‍ഗീസിന്റെ നിലപാട് മൂലം മുമ്പും തീവണ്ടി ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ബ്രീത്ത് അനലൈസര്‍ പരിശോധനയ്ക്ക് വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 26ന് എറണാകുളം-കായംകുളം പാസഞ്ചര്‍ റദ്ദാക്കിയിരുന്നു. പഴയ ബ്രീത്ത് അനലൈസര്‍ ഉപയോഗിക്കുന്നതുമൂലം വൈറസ് പടരാന്‍ സാധ്യതയുണ്ടന്നായിരുന്നു അന്ന് വര്‍ഗീസിന്റെ വിശദീകരണം.