ആശ്രയ പദ്ധതിയും അങ്കണവാടി പ്രവര്‍ത്തനവും സംതൃപ്തി നല്‍കി-മുഖ്യമന്ത്രി

Posted on: 06 Sep 2015അത്താണി: ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ നെടുമ്പാശ്ശേരി പഞ്ചായത്ത് 17-ാം വാര്‍ഡില്‍ നിര്‍മിച്ചു നല്‍കിയ ആധുനിക സൗകര്യമുള്ള 124-ാം നമ്പര്‍ അങ്കണവാടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി എന്ന നിലയില്‍ ഏറ്റവും സംതൃപ്തി നല്‍കിയ കാര്യങ്ങളാണ് ആശ്രയ പദ്ധതിയും അങ്കണവാടി പ്രവര്‍ത്തനവും എന്ന് അദ്ദേഹം പറഞ്ഞു. അര്‍ഹതപ്പെട്ടവര്‍ മാത്രമാണ് ഇതിന്റെ ഗുണഭോക്താക്കള്‍. സംസ്ഥാനത്ത് 2 ശതമാനം ആളുകള്‍ ആരേയും ആശ്രയിക്കാനില്ലാതെയാണ് ജീവിക്കുന്നത്. ഇവരെ കണ്ടെത്തി പഞ്ചായത്ത് ദത്തെുടുക്കും. സര്‍ക്കാര്‍ പണം നല്‍കി കുടുംബശ്രീ വഴി സംരക്ഷണത്തിനുള്ള സഹായം നല്‍കും. സംസ്ഥാനത്തെ 1043 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞു. ഇതുപോലെ അര്‍ഹതയുള്ളവര്‍ മാത്രം പോകുന്ന സ്ഥലമാണ് അങ്കണവാടികള്‍. സംസ്ഥാനത്ത്, സ്ഥലമുള്ള അങ്കണവാടികള്‍ക്ക് കെട്ടിടം പണിയാന്‍ സര്‍ക്കാര്‍ 5 ലക്ഷം രൂപ നല്‍കുന്നുണ്ട്. മറ്റുള്ളവയ്ക്ക് സര്‍ക്കാര്‍ സ്ഥലം കണ്ടെത്താനാണ് മുന്‍ഗണന നല്‍കുന്നത്. ഇക്കാര്യം വകുപ്പ് മന്ത്രി എം. കെ. മുനീറുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ അങ്കണവാടി നിര്‍മിക്കാന്‍ സ്ഥലം വിട്ടു നല്‍കിയ നെടുമ്പാശ്ശേരി മഹിളാ സമാജത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ചടങ്ങില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ. അധ്യക്ഷനായി. മുന്‍ എം.എല്‍.എ. എം.എ. ചന്ദ്രശേഖരന്‍, എം.കെ. ഷാജി, എം.ജെ. ജോമി, ബിന്‍സി പോള്‍, ലുലുഗ്രൂപ്പ് മാനേജര്‍ ജോയി എബ്രഹാം എന്നിവര്‍ പങ്കെടുത്തു. 950 ചതുരശ്ര അടി വിസ്തൃതിയില്‍ ആധുനിക സൗകര്യങ്ങളോടെ പണിത അങ്കണവാടിക്ക് 20 ലക്ഷം രൂപയാണ് ചെലവിട്ടത്.

More Citizen News - Ernakulam