കര്‍ണാടക പോലീസിനെ ആക്രമിച്ച കേസിലെ പ്രതികളെ വെറുതെവിട്ടു
Posted on: 06 Sep 2015
പറവൂര്‍: കര്‍ണാടക പോലീസ് സംഘത്തെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ പറവൂര്‍ അഡീഷനല്‍ അസി. സെഷന്‍സ് കോടതി വെറുതെവിട്ടു.
2007 മാര്‍ച്ച് 22ന് പുലര്‍ച്ചെ വെളിയത്തുനാട്ടില്‍ വച്ചാണ് അക്രമം ഉണ്ടായത്. വെളിയത്തുനാട് സ്വദേശികളായ അബ്ദുല്‍കരീം, നൗഷാദ്, അന്‍വര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കര്‍ണാടക തൃക്കണാമ്പി പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ ഒരു കേസിലെ രണ്ടാം പ്രതിയായ അഫ്സലിനെ അറസ്റ്റ് ചെയ്യാന്‍ എത്തിയ എസ്ഐ ബാലകൃഷ്ണ രാജുവും സംഘവും വീടുകയറി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ആക്രമിച്ചതെന്നാണ് കേസ്. ഇവരുടെ കൃത്യം തടസ്സപ്പെടുത്തി ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പ്രോസിക്യൂഷന് ആരോപിച്ചു. എന്നാല്‍ കുറ്റം തെളിയിക്കാന്‍ കഴിയാത്തതിനാലാണ് പ്രതികളെ വെറുതെ വിടുന്നതെന്ന് വിധിന്യായത്തില്‍ പറയുന്നു.
കേസിലെ പ്രധാന സാക്ഷികള്‍ കര്‍ണാടകക്കാരായതിനാല്‍ പ്രത്യേക പരിഭാഷകനായി ഹൈക്കോടതിയിലെ അഭിഭാഷകനായ ഹരിറാവുവിന്റെ സേവനം വിചാരണവേളയില്‍ ഉണ്ടായിരുന്നു. പ്രതികള്‍ക്കു വേണ്ടി അഡ്വ. അംജത് അലി, അഡ്വ. സി.കെ. റഫീഖ്, അഡ്വ. കെ. മുഹനുദ്ദീന് എന്നിവര്‍ ഹാജരായി.