കാഴ്ചഭംഗി നിറച്ച് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര
Posted on: 06 Sep 2015
പറവൂര്‍: പീലിത്തിരുമുടി തിരുകിയ ഉണ്ണിക്കണ്ണന്മാരും കൊച്ചു രാധമാരും ഗോപസ്ത്രീകളും അണിനിരന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര പറവൂരിന്റെ വീഥികളെ വൃന്ദാവനമാക്കി. നാമസങ്കീര്‍ത്തനങ്ങളും ഭഗവദ്ഗീതയും മേളങ്ങളും നിശ്ചല ദൃശ്യങ്ങളുമായി നടന്ന ശോഭായാത്ര അക്ഷരാര്‍ഥത്തില്‍ വീഥികളെ അമ്പാടിയാക്കി.
ബാലഗോകുലങ്ങളുടെ ചെറു ശോഭായാത്രകള്‍ നാലിന് ആരംഭിച്ചിരുന്നു. തോന്ന്യകാവ്, വഴിക്കുളങ്ങര, വാണിയക്കാട്, കിഴക്കേപ്രം, പെരുമ്പടന്ന, വെളുത്താട്ട്, പെരുവാരം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ പെരുവാരം മഹാദേവ ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായി കണ്ണന്‍കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് നീങ്ങി. പുല്ലങ്കുളം, ചേന്ദമംഗലം കവല, മെയിന്‍ റോഡ്, മുനിസിപ്പല്‍ കവല വഴി കണ്ണന്‍കുളങ്ങരയില്‍ എത്തി. ടി.എ. ബാലചന്ദ്രന് നായര്‍, കെ. സതീശബാബു, എം.എസ്. കാര്‍ത്തിക്, എം.ബി. വിപിന്‍, കെ.ബി. ലെബീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
തത്തപ്പിള്ളി, മൂത്തകുന്നം എന്നിവിടങ്ങളിലും ശോഭായാത്രകള്‍ ഉണ്ടായി. തത്തപ്പിള്ളിയില്‍ നടന്ന ശോഭായാത്ര തത്തപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു. അഷ്ടമിരോഹിണിയോടനുബന്ധിച്ച് വിവിധ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ആഘോഷ പരിപാടികള്‍ ഉണ്ടായി.
കണ്ണന്‍കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ രാവിലെ അഷ്ടാഭിഷേകവും നാമജപവും നടന്നു. പ്രസാദ ഊട്ടില്‍ നൂറുകണക്കിന് ഭക്തര്‍ സംബന്ധിച്ചു.
ചേന്ദമംഗലം പാലിയം ചേന്ദ തൃക്കോവ് ക്ഷേത്രത്തില്‍ ഗീതാ പാരായണം, ഹരിനാമ കീര്‍ത്തനം എന്നിവ നടത്തി. പുഷ്പാഭിഷേകത്തിന് ശേഷം പ്രസാദ ഊട്ടും ഉണ്ടായി.
നന്തികുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ പുലര്‍ച്ചെ അഷ്ടാഭിഷേകം നടന്നു. ഭാഗവത സപ്താഹ യജ്ഞ സമര്‍പ്പണം, പ്രസാദ ഊട്ട്, ശോഭായാത്രയ്ക്ക് വരവേല്‍പ്പ്, ദീപക്കാഴ്ച, നൃത്തനൃത്യങ്ങള്‍ എന്നിവയും ഉണ്ടായിരുന്നു.
പെരുവാരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ രാവിലെ കുട്ടികള്‍ക്കായി ഉണ്ണിഊട്ട് നടത്തി. നാരായണീയ പാരായണം, അക്ഷരശ്ലോക സദസ്സ്, കോട്ടയ്ക്കാവ് ക്ഷേത്രത്തില്‍ നിന്നും പുഷ്പാഭിഷേക ഘോഷയാത്ര എന്നിവയും നടത്തി.
പറവൂത്തറ കുമാരമംഗലം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ ശോഭായാത്ര, ഉറിയടി എന്നിവ ഉണ്ടായി.
എളന്തിക്കര തൃക്കയില്‍ മഹാവിഷ്ണു- നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ കുളത്തൂര്‍ പുരുഷോത്തമന്റെ കാര്‍മികത്വത്തില്‍ ഭാഗവത സപ്താഹ യജ്ഞം നടത്തി. പ്രസാദ ഊട്ട്, എളന്തിക്കര നാലുവഴിയില്‍ നിന്ന് അഷ്ടമിരോഹിണി ഘോഷയാത്ര എന്നിവയും ഉണ്ടായി.
ചെറിയപല്ലംതുരുത്ത് തൃക്കേപറമ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കുട്ടികള്‍ക്കായി ഉണ്ണി ഊട്ട് നടത്തി. കുറ്റിച്ചിറ പാലത്തിന് സമീപത്ത് നിന്ന് ശോഭായാത്രയും നടത്തി. ദീപക്കാഴ്ച, അഷ്ടമിരോഹിണി പൂജ എന്നിവയും ഉണ്ടായി.
കെടാമംഗലം ബാലവേദിയുടെ നേതൃത്വത്തില്‍ പീടിയേക്കപ്പറമ്പ് ക്ഷേത്രത്തില്‍ നിന്ന് ചാക്കാത്തറ ജ്ഞാനേശ്വരീ ക്ഷേത്രത്തിലേക്ക് ഘോഷയാത്ര നടത്തി.