നിരത്തുകള്‍ കീഴടക്കി കണ്ണനും രാധമാരും
Posted on: 06 Sep 2015
39
വൈപ്പിന്‍: ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ കണ്ണന്റെയും രാധയുടേയും വേഷങ്ങളണിഞ്ഞ കുട്ടികള്‍ വൈപ്പിനില്‍ നിരത്തുകള്‍ കീഴടക്കി. വിവിധ പ്രദേശങ്ങളില്‍ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ ശോഭായാത്രകള്‍ നടന്നു. നായരമ്പലം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, ശ്രീനാരായണ ഗുരുമന്ദിരം, ശ്രീനാരായണ സേവാ സമാജം, സുബ്രഹ്മണ്യ ക്ഷേത്രം, വെളിയത്താംപറമ്പ് കടപ്പുറം എന്നിവിടങ്ങളില്‍ നിന്നുമാരംഭിച്ച ശോഭായാത്രകള്‍ ഒരുമിച്ച് വെളിയത്താംപറമ്പ് മഹാവിഷ്ണു ക്ഷേത്രത്തിലെത്തി സമാപിച്ചു. എളങ്കുന്നപ്പുഴ, ഞാറക്കല്‍ എന്നിവിടങ്ങളില്‍ എട്ടിടങ്ങളില്‍ നിന്നാണ് ശോഭായാത്രകള്‍ ആരംഭിച്ചത്. ഞാറക്കല്‍ ഐ.സി. എ.ആര്. പരിസരം, ആറാട്ടുവഴി ബാലമുരുക ക്ഷേത്രം, അപ്പങ്ങാട് കടപ്പുറം മുരുക ക്ഷേത്രം, ഞാറക്കല്‍ ലൈറ്റ് ഹൗസ് കോളനി, പെരുമ്പിള്ളി വേലിയകത്ത് ഭദ്രകാളി ക്ഷേത്രം, എളങ്കുന്നപ്പുഴ വിശ്വ ഹിന്ദു പരിഷത്ത് വക ധര്‍മ്മശാസ്താ ക്ഷേത്രം, പെരുമാള്‍പ്പടി തോട്ടുങ്കല്‍ ഭദ്രകാളി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച ശോഭായാത്രകള്‍ ഞാറക്കല്‍ ശക്തിധര ക്ഷേത്രാങ്കണത്തില്‍ സംഗമിച്ച് ബാലഭദ്ര ക്ഷേത്രത്തിലെത്തി അവിടെ നിന്ന് മഹാശോഭായാത്രയായി എളങ്കുന്നപ്പുഴ നാറാണത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു.