വലിയതമ്പുരാന്റെ തര്‍ജമ രാജകുടുംബത്തിന്റെ പാരായണം; നാരായണീയം ഭക്തിസാന്ദ്രം
Posted on: 06 Sep 2015
തൃപ്പൂണിത്തുറ: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ പൂര്ണത്രയീശന് സമര്‍പ്പണമായി കൊച്ചി രാജകുടുംബാംഗങ്ങള്‍ ക്ഷേത്ര സന്നിധിയിലിരുന്ന് നാരായണീയം പാരായണം ചെയ്തു.
കൊച്ചി രാജകുടുംബത്തിലെ വലിയ തമ്പുരാന് രവി വര്‍മ കൊച്ചനിയന് തമ്പുരാന് മലയാളത്തിലേയ്ക്ക് പദാനുപദം വൃത്താനുവൃത്തം തര്‍ജമ ചെയ്ത മേല്പത്തൂര് നാരായണ ഭട്ടതിരിയുടെ നാരായണീയമാണ് പ്രായഭേദമെന്യേ രാജകുടുംബാംഗങ്ങള്‍ ചേര്‍ന്ന് ഭക്തിയോടെ പാരായണം ചെയ്ത് ഭഗവാന് സമര്‍പ്പിച്ചത്.
അവതാര പ്രാധാന്യം പ്രദിപാദിക്കുന്ന ദശകങ്ങളും കര്‍മയോഗത്തിന്റെ പ്രാധാന്യവുമൊക്കെ വിവരിക്കുന്ന ദശകങ്ങളുമൊക്കെ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന കൊച്ചി രാജകുടുംബാംഗങ്ങള്‍ ചേര്‍ന്ന് പാരായണം ചെയ്തപ്പോള്‍ അത് കേള്‍ക്കാന്‍ ഒട്ടേറെ ഭക്തജനങ്ങളും ഉണ്ടായിരുന്നു.
ക്ഷേത്ര ഊട്ടുപുരയില്‍ നാലുമണിക്കൂറോളം ഇവര്‍ നാരായണീയം പാരായണം നടത്തി.
ഡോ. ലീലാ വര്‍മ, രാജേശ്വരി തമ്പുരാന്, സംഗമേശന് തമ്പുരാന്, രാമഭദ്രന് തമ്പുരാന്, രമേശന് തമ്പുരാന് എന്നിവര്‍ നേതൃത്വം നല്കി. ഭാഗവതാചാര്യന്‍ ഇളമന ഹരി ഭദ്രദീപം തെളിച്ചു.
കൊച്ചി വലിയതമ്പുരാന്‍ രവിവര്‍മ കൊച്ചനിയന് തമ്പുരാന് കോഴിക്കോട്ടാണ് താമസിക്കുന്നത്. 97 വയസ്സുണ്ട്. ജര്‍മനിയിലും മുംബൈയിലും ഏറെക്കാലം എന്‍ജിനീയറായിരുന്നു.