ശോഭായാത്ര
Posted on: 06 Sep 2015
കാലടി: മയില്‍പ്പീലിചൂടിയ ഉണ്ണിക്കണ്ണന്മാരും പട്ടുചേലചുറ്റിയ ഗോപികമാരും നാടിന്റെ സൗന്ദര്യമായി. ബാലഗോകുലം കാലടി മണ്ഡലത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര കണ്ണിനും കാതിനും ഇമ്പമേകി. അനന്തശയനവും ആലിലക്കണ്ണനും നിശ്ചലദൃശ്യമായി. പെരുമ്പറയുടെ ശബ്ദഘോഷത്തിനൊപ്പം താളം പിടിച്ച ചെറുപ്പക്കാര്‍ ശോഭായാത്രയിലെ ശ്രദ്ധാകേന്ദ്രമായി.
മറ്റൂര്‍ വാമനപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നാണ് ശോഭായാത്ര ആരംഭിച്ചത്. ആദിശങ്കര കീര്‍ത്തിസ്തംഭമണ്ഡപം, ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം, ആദിശങ്കര ജന്മഭൂമിക്ഷേത്രം വഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. ആശ്രമം റോഡില്‍ നടത്തിയ ഉറിയടി കൗതുകമായി. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ഉറിയടി നടന്നു. ടി.സി. ബാലസുന്ദരം, ടി.എസ്. രാധാകൃഷ്ണന്, എന്‍. സുധേഷ്, എസ്.ആര്. സുഭാഷ്, രഞ്ജിത് ചന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ബാലഗോകുലം കാഞ്ഞൂര്‍ മണ്ഡലത്തിന്റെ ശോഭായാത്ര തുറവുങ്കര വിവേകാനന്ദ നഗര്‍, പുതിയേടം ക്ഷേത്രം, മുല്ലയ്ക്കല് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ചു. കാഞ്ഞൂര്‍ പോസ്റ്റോഫീസ് കവലയില്‍ സംഗമിച്ച ശേഷം നമ്പിള്ളി പന്തയ്ക്കല്‍ ക്ഷേത്രത്തില്‍ സമാപിച്ചു. ഉറിയടിയും പ്രഭാഷണവും ഉണ്ടായിരുന്നു.
ചൊവ്വര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടാഭിഷേകം, വിശേഷാല്‍പൂജ, നിറമാല, പ്രസാദ ഊട്ട്, ഡബിള്‍ തായമ്പക എന്നിവ നടന്നു. ശ്രീമൂലനഗരം തൃക്കേക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ രാവിലെ ഗണപതിഹോമവും വിശേഷാല്‍ പൂജകളും നടന്നു.
ശ്രീമൂലനഗരം അമ്പാടി ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി മഹാശോഭായാത്രയ്ക്ക് ക്ഷേത്രത്തില്‍ സ്വീകരണം നല്കി. ശ്രീമൂലനഗരം ശ്രീഹരീയം നാരായണീയ സമിതിയുടെ നാരായണീയ പാരായണം ഉണ്ടായിരുന്നു
ശ്രീമൂലനഗരം എടക്കണ്ടം മഹാവിഷ്ണുക്ഷേത്രത്തില്‍ ഉണ്ണിയൂട്ട് നടത്തി. നിരവധി കുട്ടികള്‍ പങ്കെടുത്തു. മേല്‍ശാന്തി പാറമന സുബ്രഹ്മണ്യന് നമ്പൂതിരി കാര്‍മികനായി.
കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ രാവിലെ അപ്പംനിവേദ്യം നടന്നു. ഉച്ചയ്ക്ക് രോഹിണി ഊട്ടില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു.