ഹജ്ജ്്്: 3 ദിവസം 2 വിമാനങ്ങള്‍ വീതം
Posted on: 06 Sep 2015
നെടുമ്പാശ്ശേരി: ശനിയാഴ്ച ഹജ്ജിന് പോകാന്‍ സീറ്റ് ലഭിച്ചിരുന്ന 6 പേര്‍ക്ക് യാത്ര പുറപ്പെടാന്‍ കഴിഞ്ഞില്ല. ശനിയാഴ്ചത്തെ വിമാനത്തില്‍ പോകുന്നതിന് സീറ്റ് ഉറപ്പാക്കിയിരുന്ന 3 പേര് മരണമടഞ്ഞതിനെ തുടര്‍ന്നാണിത്. യാത്ര മുടങ്ങിയ മറ്റ് 3 പേര് മരണമടഞ്ഞവരുടെ ഭാര്യമാരാണ്. ഇവര്‍ക്ക് പകരം 14, 15, 16 തീയതികളില്‍ പുറപ്പെടേണ്ടിയിരുന്ന 6 പേരെ ശനിയാഴ്ചത്തെ വിമാനത്തില്‍ യാത്രയാക്കി. ശനിയാഴ്ചയും പുറപ്പെടേണ്ട സമയത്തിന് 25 മിനിറ്റ് മുന്‍പ് തന്നെ എയര്‍ ഇന്ത്യ വിമാനം നെടുമ്പാശ്ശേരിയില്‍ നിന്ന് യാത്രയായി. മുമ്പെല്ലാം എയര്‍ ഇന്ത്യ വിമാനം വൈകിയാണ് പുറപ്പെട്ടു കൊണ്ടിരുന്നത്. എന്നാല്‍ പതിവിന് വിപരീതമായി ഇക്കുറി എല്ലാ ദിവസവും എയര്‍ ഇന്ത്യ നേരത്തെ തന്നെ പുറപ്പെടുന്നുണ്ട്. ഹജ്ജ് ക്യാമ്പില്‍ നിന്ന് ഹാജിമാരെയെല്ലാം വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ടെര്‍മിനലിലേക്ക് എത്തിക്കുന്നത് കൊണ്ടാണ് ഷെഡ്യൂള്‍ സമയത്തിനു മുമ്പേതന്നെ വിമാനം പുറപ്പെടാന്‍ കഴിയുന്നത്.
നെടുമ്പാശ്ശേരി: തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് രണ്ട് ഹജ്ജ് വിമാനങ്ങള്‍ ഉണ്ടാകും. ആദ്യത്തെ വിമാനം സാധാരണ പോലെ ഉച്ചയ്ക്ക് 1.45-നാണ് പുറപ്പെടുക. രണ്ടാമത്തെ വിമാനം തിങ്കളാഴ്ച വൈകീട്ട് 5.45-നും ചൊവ്വാഴ്ച വൈകീട്ട് 5.25-നും ബുധനാഴ്ച ഉച്ചയ്ക്ക് 12.20- നുമായിരിക്കും യാത്ര തിരിക്കുക.