മുനമ്പത്ത് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കര്‍ശന നടപടി തുടങ്ങി

Posted on: 06 Sep 2015ചെറു മത്സ്യങ്ങളെ പിടികൂടല്‍


ചെറായി: വലുതായാല്‍ നല്ല വില ലഭിക്കുന്ന മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ കടലില്‍ നിന്ന് പിടിച്ച് ഹാര്‍ബറിലെത്തിക്കുന്നുവെന്ന് വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും മുനമ്പം മേഖലയിലെ ഹാര്‍ബറുകളില്‍ മിന്നല്‍ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മുനമ്പത്ത് മൂത്തകുന്നം ചന്ദ്രശ്ശേരി സി.പി. ഭാസിയുടെ ഉടമസ്ഥതയിലുള്ള ശിവം എന്ന ബോട്ട് പിടികൂടിയത്. മുനമ്പത്തും മുരുക്കുംപാടത്തും വരും ദിവസങ്ങളിലും കര്‍ശന പരിശോധന ഉണ്ടാകും. പത്ര മാധ്യമങ്ങളിലെ വാര്‍ത്തകളും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതികളും കണക്കിലെടുത്താണ് പരിശോധന നടത്തിയത്. നിരോധിച്ച പെലാജിക് വലകള്‍ ഉപയോഗിച്ച് രാത്രികാലങ്ങളില്‍ രണ്ട് ബോട്ടുകള്‍ ചേര്‍ന്ന് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പെയര്‍ ട്രോളിംഗ് നടത്തിവരുന്ന വിവരവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള ബോട്ടുകളിലെ മത്സ്യങ്ങള്‍ പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. പല മത്സ്യങ്ങളുടേയും തൊലികള്‍ ഉരഞ്ഞ് പോയിട്ടുണ്ടാകും. വലകള്‍ പലരും മത്സ്യംസൂക്ഷിക്കുന്ന സ്റ്റോറുകളില്‍ ഒളിപ്പിച്ചാണ് ഹാര്‍ബറിലടുപ്പിക്കുക. ഇങ്ങനെയുള്ള ബോട്ടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ സ്റ്റോറില്‍ ഇറങ്ങി വ്യാപകമായ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല നിയമ ലംഘനം തുടര്‍ന്നാല്‍ പരിശോധന വല വില്‍ക്കുന്ന കടകളിലേക്കും വല സെറ്റ് ചെയ്യുന്ന വര്‍ക്ക് ഷോപ്പുകളിലേക്കും കൂടി വ്യാപിപ്പിക്കുമെന്നും ഫിഷറീസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
ചട്ടം അനുസരിച്ച് 12 സെ.മീ. താഴെ വലുപ്പമുള്ള മത്സ്യങ്ങളെ പിടികൂടാന്‍ പാടില്ല. എന്നാല്‍ മുനമ്പത്ത് നിന്ന് പിടികൂടിയ ബോട്ടില്‍ 12 സെ.മീ വലുപ്പത്തില്‍ താഴെയുള്ള കിളിമീന്‍ ഉണ്ടായ സാഹചര്യത്തിലാണ് ബോട്ട് പിടിച്ചെടുത്തത്. മാത്രമല്ല ബോട്ടിന് മത്സ്യബന്ധനം നടത്താനുള്ള ഫിഷറീസ് വകുപ്പിന്റെ ലൈസന്‍സും ഉണ്ടായിരുന്നില്ല. ഇത് രണ്ടും ഗുരുതരമായ നിയമ ലംഘനമാണെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സിഐ കെ.എം.സജീവന്‍ അറിയിച്ചു. ബോട്ട് കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്ന് ഒരു സംഘം ആളുകള്‍ ഹാര്‍ബറില്‍ തടിച്ചുകൂടുകയും ബോട്ട് കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥന്‍മാര്‍ അറിയിച്ചു. ബോട്ട് വിട്ടു തന്നില്ലെങ്കില്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ തടിച്ചുകൂടിയവരില്‍ പ്രധാനികളെ പറഞ്ഞു മനസിലാക്കിയതിനെ തുടര്‍ന്ന് ഇവര്‍ പിന്‍മാറുകയും ബോട്ട് ഫോര്‍ട്ട് വൈപ്പിനിലെ ഫിഷറീസ് സ്റ്റേഷന്‍ ജെട്ടിയിലെത്തിക്കുകയും ചെയ്തു. 50,000 രൂപയോളം പിഴ വിധിക്കാവുന്ന ചട്ടലംഘനമാണ് നടത്തിയിരിക്കുന്നത്. കേസ് എടുത്തശേഷം ഫിഷറീസ് അസി. ഡയറക്ടര്‍ക്ക് കൈമാറി. ഇദ്ദേഹമാണ് പിഴ വിധിക്കുന്നതെന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്മാര്‍ അറിയിച്ചു.

More Citizen News - Ernakulam