തിരയില്‍പ്പെട്ട് യാത്രാ ബോട്ട് ആടിയുലഞ്ഞു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Posted on: 06 Sep 2015
കൊച്ചി കായലില്‍ സേനകളുടെ മോക് ഡ്രില്‍
ഫോര്‍ട്ട്കൊച്ചി: കൊച്ചി കായലില്‍ വിവിധ സേനകള്‍ ചേര്‍ന്ന് നടത്തിയ മോക് ഡ്രില്‍ പരിശീലനത്തിന്റെ ഭാഗമായി തലങ്ങും വിലങ്ങും പാഞ്ഞ സേനാ ബോട്ടുകളുടെ തിരയില്‍പ്പെട്ട് യാത്രാ ബോട്ട് ആടിയുലഞ്ഞു.
എണ്‍പതോളം യാത്രക്കാരുമായി ഫോര്‍ട്ട്കൊച്ചിയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ജലഗതാഗത വകുപ്പിന്റെ എസ്-3 എന്ന ബോട്ടാണ് അപകടകരമായ വിധത്തില്‍ ആടിയുലഞ്ഞത്. ബോട്ടിനകത്ത് കൂട്ട നിലവിളിയായി. യാത്രക്കാര്‍ കൂട്ടത്തോടെ എഴുന്നേറ്റതോടെ ബോട്ട് അപകടത്തില്പ്പെടുമെന്നായി. ഇതിനിടയില്‍ ഡ്രൈവര്‍ ബോട്ടിന്റെ എന്ജിന് ഓഫ് ചെയ്ത ശേഷം യാത്രക്കാരോട് സ്വന്തം സ്ഥാനങ്ങളില്‍ ഇരിക്കാന്‍ നിര്‍ദ്ദേശിച്ചു. ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ബോട്ടിലുണ്ടായിരുന്നു.
ഫോര്‍ട്ട്കൊച്ചിയില്‍ നിന്ന് രാവിലെ 10.15ന് പുറപ്പെട്ട ബോട്ട് ഐലന്‍ഡ് ഭാഗത്തെത്തിയപ്പോഴായിരുന്നു സേനാ ബോട്ടുകളുടെ ഓട്ടത്തിനിടയില്‍ ഓളങ്ങള്‍ ഉയര്‍ന്നത്.
നാവികസേനയും സിഐഎസ്എഫും കോസ്റ്റല്‍ പോലീസും ചേര്‍ന്നാണ് മോക് ഡ്രില്‍ സംഘടിപ്പിച്ചത്. കപ്പലുകളില്‍ ഭീകരവാദികള്‍ കടന്നുകൂടിയാല്‍ നേരിടേണ്ട വിധം പരിശീലിക്കുകയായിരുന്നു ലക്ഷ്യം. മൂന്നു സേനകളെയും ഏകോപിപ്പിച്ച് ഭീകരരെ തടയുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നതിന്റെ പരിശീലനമായിരുന്നു.
എറണാകുളം വാര്‍ഫില്‍ കിടന്ന 'എം.വി. കോറല്‍' എന്ന കപ്പല്‍ കേന്ദ്രീകരിച്ചായിരുന്നു പരിശീലനം. നാവികസേനയുടെയും സിഐഎസ്എഫിന്റെയും ബോട്ടുകള്‍ ഇതിനായി പ്രവര്‍ത്തിച്ചു.
അതേസമയം എറണാകുളം വാര്‍ഫില്‍ നിന്ന് 200 മീറ്റര്‍ പരിധിയിലാണ് മോക് ഡ്രില്‍ നടത്തിയതെന്നും യാത്രാ ബോട്ടുകള്‍ക്ക് പ്രശ്നമുണ്ടാകില്ലെന്നും സിഐഎസ്എഫ് അധികൃതര്‍ പറഞ്ഞു. മോക് ഡ്രില്‍ നടക്കുന്ന സമയത്ത് ബോട്ടുകളുടെ യാത്ര ഒഴിവാക്കുന്നതിന് സര്‍വീസ് നടത്തുന്ന സ്ഥാപനങ്ങളെ വിവരം അറിയിച്ചിരുന്നതായും സിഐഎസ്എഫ് അധികൃതര്‍ പറയുന്നു.
നാല് മിനിറ്റ് നേരം അപകടം മുന്നില്‍ കണ്ട്, ഭീതിയോടെ കായലില്‍ കഴിഞ്ഞതായി ബോട്ടില്‍ നിന്നിറങ്ങിയ യാത്രക്കാരനായ കൊച്ചി സ്വദേശി ഉപേന്ദ്രന് പറഞ്ഞു. യാത്രക്കാര്‍ ജാക്കറ്റുകള്‍ക്ക് വേണ്ടി തിരക്കുകൂട്ടിയിരുന്നെങ്കില് അപകടം ഉറപ്പായിരുന്നു. ജീവനക്കാരുടെ ഇടപെടല്‍ ദുരന്തം ഒഴിവാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
നാവികസേനയുടെയും മത്സ്യത്തൊഴിലാളികളുടെയും ബോട്ടുകള്‍ അതിവേഗത്തില്‍ പായുന്നത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി പത്മനാഭ മല്ലയ്യ പരാതിപ്പെട്ടു.
ബോട്ടില്‍ നിന്നിറങ്ങിയ യാത്രക്കാര്‍ ഇതു സംബന്ധിച്ച് ജലഗതാഗത വകുപ്പ് അധികൃതര്‍ക്ക് രേഖാമൂലം പരാതി നല്കി.