വര്‍ണക്കാഴ്ചയൊരുക്കി വീഥികള്‍
Posted on: 06 Sep 2015
ആലുവ: മയില്‍പ്പീലി ചൂടി മഞ്ഞപ്പട്ടുടുത്ത് ഓടക്കുഴലുമായി കണ്ണനുണ്ണികളും, അവര്‍ക്ക് അകമ്പടിയേകി തോഴിമാരും അണിനിരന്ന ഘോഷയാത്ര ആലുവയുടെ വീഥികളില്‍ വര്‍ണക്കാഴ്ചയൊരുക്കി.
ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ അഷ്ടമിരോഹിണി നാളില്‍ നടന്ന ശോഭായാത്രയാണ് നഗരത്തെ അമ്പാടിയാക്കി മാറ്റിയത്. നിശ്ചല ദൃശ്യങ്ങള്‍ പഞ്ചവാദ്യം തുടങ്ങിയവയും ശോഭയാത്രയില്‍ മിഴിവേകി.
പെരുംമ്പിള്ളി ക്ഷേത്രത്തിനു മുന്പില് നിന്ന് ആരംഭിച്ച ശോഭായാത്ര ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ. മഹേശ്വരിക്കുട്ടി, രക്ഷാധികാരി ഡോ. ജഗദംബിക എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
തിരുവല്ല കടപ്ര ശങ്കരനിലയത്തില്‍ തുളസികൃഷ്ണന്റെ കാല്‍നട ഭാരത പര്യടനത്തിന്റെ ഭാഗമായുള്ള കാള വണ്ടി ഘോഷയാത്ര ആദ്യം സഞ്ചരിച്ചു.
ഡോ. അയ്യപ്പന്‍പിള്ള, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഗോപാലകൃഷ്ണന്, വി.എച്ച്.പി സംസ്ഥാന സെക്രട്ടറി എം.പി. വിജയകുമാര്‍, എ.സി. സന്തോഷ് കുമാര്‍, പി.ഡി. ദാമോദരന്‍എന്നിവര്‍ ശോഭായാത്രക്ക് നേതൃത്വം നല്കി ശോഭായാത്ര നഗരം ചുറ്റി ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് ഉറിയടി പ്രസാദവിതരണം എന്നിവയും ഉണ്ടായി.
എടത്തല നൊച്ചിമ വിവേകാനന്ദ ബാലഗോകുലവും ശോഭായാത്ര നടത്തി.