ഉണ്ണിക്കണ്ണന്മാര്ക്ക് സ്നേഹ മധുരവുമായി നൂറുല്‍ഹുദാ മദ്രസ
Posted on: 06 Sep 2015
ഏലൂര്‍: ഏലൂരില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് മത സൗഹാര്‍ദത്തിന്റെ മധുരം വിളമ്പി. ബാലഗോകുലം ഏലൂരില്‍ നടത്തിയ ശോഭായാത്രയോട് അനുബന്ധിച്ച് ഏലൂര്‍ നൂറുല്‍ഹുദാ മദ്രസ കമ്മിറ്റിയാണ് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തത്. ശോഭായാത്ര നടന്ന ഏലൂര്‍ വടക്കും ഭാഗം ആലിങ്കല്‍ കവലയില്‍ വച്ച് മദ്രസ കമ്മിറ്റി ശോഭായാത്രയില്‍ പങ്കെടുത്ത ബാലിക-ബാലന്മാര്ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ആശംസകള്‍ നേരുകയും ചെയ്തു. കഴിഞ്ഞ നബിദിനത്തിന് നടത്തിയ ഘോഷയാത്രയില്‍ പങ്കെടുത്ത കുരുന്നുകള്‍ക്ക് ഏലൂര്‍ പാട്ടുപുരയ്ക്കല്‍ ബാലഗോകുലം സമിതി സ്വീകരണവും മധുരപലഹാര വിതരണവും നടത്തിയിരുന്നു.