മമ്മൂട്ടിയുടെ 'കാഴ്ച' പദ്ധതിയില്‍ സ്കൂള്‍ കുട്ടികള്‍ക്കുള്ള നേത്ര പരിശോധനയും
Posted on: 06 Sep 2015
കൊച്ചി: മമ്മൂട്ടി കഴിഞ്ഞ വര്‍ഷത്തെ പിറന്നാള്‍ സമ്മാനമായി സമര്‍പ്പിച്ച 'കാഴ്ച' പദ്ധതി പുതിയ ഘട്ടത്തിലേക്ക്. ഇതിന്റെ ഭാഗമായി ഈ വര്‍ഷം സ്കൂള്‍ കുട്ടികള്‍ക്കുള്ള നേത്ര പരിശോധന തുടങ്ങും. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ സപ്തംബര്‍ ഏഴിന് ഔപചാരിക ഉദ്ഘാടനം നടക്കും.
2020-ഓടെ കേരളത്തെ തിമിര മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പാലാരിവട്ടം ഡോ. ടോണി ഫെര്‍ണാണ്ടസ് കണ്ണാശുപത്രിയുമായി ചേര്‍ന്നാണ് മമ്മൂട്ടി 'കാഴ്ച'യ്ക്ക് തുടക്കമിട്ടത്. ഈ വര്‍ഷം മുതല്‍ 'കാഴ്ച'യുടെ മെഡിക്കല്‍ സംഘം സ്കൂളുകള്‍ സന്ദര്‍ശിച്ച് 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ നേത്ര പരിശോധന നടത്തും.
കാഴ്ചവൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തപ്പെടാനാകാതെ പോകുന്നതിനുള്ള പരിഹാരമാകും ഇത്. ഈ അധ്യയന വര്‍ഷം എറണാകുളം, ആലപ്പുഴ ജില്ലകളിലെ സ്കൂളുകളിലാണ് പദ്ധതി തുടങ്ങുകയെന്ന് ഡോ. ടോണി ഫെര്‍ണാണ്ടസ് അറിയിച്ചു. ലക്ഷദ്വീപിലും സംസ്ഥാനത്തെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലും സാറ്റലൈറ്റ് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍െഫയര്‍ അസോസിയേഷന് ഇന്റര്‍നാഷണലാണ് 'കാഴ്ച' പദ്ധതിയിലേക്കുള്ള അപേക്ഷകളിന്മേല് പരിശോധന നടത്തുന്നത്. അബുദാബി ഷേര്‍വുഡ് ഇന്റര്‍നാഷണലിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ വര്‍ഷം അയ്യായിരത്തോളം പേര്‍ക്ക് കാഴ്ചയുടെ പ്രയോജനം ലഭിച്ചതായി അസോസിയേഷന് പ്രസിഡന്റ് റോബര്‍ട്ട് വി. കുര്യാക്കോസ് പറഞ്ഞു. പാലാരിവട്ടം, ആലുവ, കാസര്‍ഗോഡ് എന്നിവടങ്ങളിലെ ആശുപത്രികളില്‍ കാഴ്ചയുടെ സേവനം ലഭ്യമാണ്. സ്കൂളുകളിലെ സൗജന്യ പരിശോധനയ്ക്കും കാഴ്ചയുടെ സേവനങ്ങള്‍ക്കുമായി 0484 2346445, 2346446 എന്നീ നന്പരുകളില്‍ ബന്ധപ്പെടാം.