വിഴിഞ്ഞം യുവതീരം പ്രവര്‍ത്തകര്‍ വല്ലാര്‍പാടം സന്ദര്‍ശിക്കാനെത്തി
Posted on: 06 Sep 2015
വരാപ്പുഴ: വിഴിഞ്ഞം പദ്ധതി പ്രദേശത്തെ അമ്പതംഗ യുവതീരം പ്രവര്‍ത്തകര്‍ വല്ലാര്‍പാടം പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തി. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിനെ കുറിച്ച് പഠിക്കുന്നതിനും കുടിയിറക്കപ്പെട്ടവരുടെ അവസ്ഥ നേരില്‍ കാണുന്നതിനുമാണ് യുവതീരം പ്രവര്‍ത്തകര്‍ എത്തിയത്. ഏറെ വീടുകള്‍ കുടിയൊഴിക്കപ്പെട്ട മൂലമ്പിള്ളി ഉള്‍പ്പെടെയുള്ള നാല് വില്ലേജുകളും, ചെല്ലാനം, കണ്ടക്കാവ് തീരവും സംഘം സന്ദര്‍ശിച്ചു.
മുപ്പത്തി അയ്യായിരത്തോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വിഴിഞ്ഞം പ്രദേശത്ത് പദ്ധതി നടപ്പിലാക്കുക പ്രായോഗികമല്ലെന്ന് യുവതീരം പ്രവര്‍ത്തകര്‍ പറഞ്ഞു. മൂലമ്പിള്ളിയിലെ പുനരധിവാസ പാക്കേജ് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും നടപ്പാക്കാനാകാത്ത സര്‍ക്കാറിന് വിഴിഞ്ഞത്ത് ഇത്രയധികം വരുന്ന കുടുംബങ്ങളെ എങ്ങിനെ പുനരധിവസിപ്പിക്കാനാകുമെന്നും യുവതീരം പ്രവര്‍ത്തകര്‍ ചോദിച്ചു. മത്സ്യത്തൊഴിലും, തൊഴിലിടവും,വാസസ്ഥലവും ഉറപ്പാക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്നുതന്നെയാണ് വല്ലാര്‍പാടം പദ്ധതി പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ മനസ്സിലാക്കാനായത്. പോര്‍ട്ടിന്റെ വികസനവും, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ അവസ്ഥയെക്കുറിച്ചും പഠന റിപ്പോര്‍ട്ട് തയ്യാറാക്കി അധികൃതര്‍ക്ക് സമര്‍പ്പിക്കും. തീരപ്രദേശത്ത് കാമ്പയിന് സംഘടിപ്പിക്കുമെന്നും, ഒരു ലക്ഷം പേരുടെ ഒപ്പുശേഖരണം നടത്തി പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും യുവതീരം പ്രവര്‍ത്തകര്‍ പറഞ്ഞു. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി കൂടിയായ മാഗ്ലിന്‍ പീറ്ററുടെ നേതൃത്വത്തിലാണ് യുവതീരം പ്രവര്‍ത്തകര്‍ എത്തിയത്.