കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരോഗ്യമന്ത്രിക്ക് രണ്ട് നോമിനി

Posted on: 06 Sep 2015സൊസൈറ്റി രൂപവത്കരണത്തില്‍ ആശങ്ക ഉയരുന്നു


കൊച്ചി:
നിര്‍ദ്ദിഷ്ട കൊച്ചി കാന്‍സര്‍ ഹോസ്​പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സൊസൈറ്റി രൂപവത്കരണവുമായി ബന്ധപ്പെട്ട് ആശങ്ക ഉയരുന്നു. തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മാതൃകയിലുള്ള സൊസൈറ്റിയില്‍ രാഷ്ട്രീയ കക്ഷികളുടെ നോമിനികള്‍ക്ക് സ്ഥാനം നല്‍കാനുള്ള നീക്കമാണ് ചര്‍ച്ചയാകുന്നത്. സൊസൈറ്റി അംഗങ്ങളെ നിശ്ചയിക്കുമ്പോള്‍ രാജ്യത്തെ പ്രധാന കാന്‍സര്‍ ആസ്​പത്രികളുടെ മാതൃക പരിഗണിക്കണമെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മൂവ്‌മെന്റ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ആര്‍.സി.സി. മാതൃകയിലുള്ള സൊസൈറ്റിയില്‍ ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഭാവിയില്‍ ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ മന്ത്രിസഭ അംഗീകരിച്ച കരട് ബൈലോ പ്രകാരം സൊസൈറ്റി അംഗങ്ങളില്‍ രാജ്യത്തെ പ്രധാന കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളിലെ മേധാവികളെ ഉള്‍ക്കൊള്ളിച്ചിട്ടില്ല. മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യമന്ത്രി വൈസ് ചെയര്‍മാനുമായ ഭരണസമിതിയില്‍ ആരോഗ്യമന്ത്രിയുടെ രണ്ട് നോമിനികളും ഉണ്ടാകും. ഈ രണ്ട് നോമിനികളെ ഉള്‍ക്കൊള്ളിക്കുന്നതിന്റെ കാരണങ്ങള്‍ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടില്ല. പദ്ധതിക്ക് തുരങ്കം വെയ്ക്കാനുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് മൂവ്‌മെന്റ് സംശയം പ്രകടിപ്പിച്ചു.
കേന്ദ്രസര്‍ക്കാറിന്റെ സഹായം ഭാവിയില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷയുള്ള ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭരണസമിതിയില്‍ കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറിക്കോ, രാജ്യത്തെ പ്രമുഖ പൊതുമേഖലാ കാന്‍സര്‍ ആസ്​പത്രികളിലെ ഡയറക്ടര്‍മാര്‍ക്കൊ ഒന്നും സ്ഥാനമില്ല. പദ്ധതിക്ക് കേന്ദ്രസഹായം ലഭ്യമാക്കുന്നതിന് ഇവരുടെ പങ്കാളിത്തം സാധ്യമാകുമെന്നിരിക്കെ ഇവരെ ഉള്‍പ്പെടുത്താത്തത് പരാതിക്ക് ഇടയാക്കി. ഔദ്യോഗിക അംഗങ്ങളും ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭാഗമല്ലാത്തവരുമായ രണ്ട് നോമിനിമാരെ ആരോഗ്യമന്ത്രി നിയമിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ വിശദമാക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെ ഭാവി നടപടികളും അലങ്കോലപ്പെടുമെന്ന സംശയം ഉയര്‍ന്നു.
സൊസൈറ്റി രൂപവത്കരിച്ചാലേ വായ്പ നേടാനും, ബിവറേജസ് കോര്‍പ്പറേഷന്‍ വാഗ്ദാനം ചെയ്ത 10 കോടി വാങ്ങാനും സാധിക്കൂ. ഇതിന് ശേഷമേ ഒപി ആരംഭിക്കാനും നിര്‍മ്മാണം തുടങ്ങാനും കഴിയുകയുള്ളു. ആരോഗ്യമന്ത്രിയുടെ നോമിനിമാര്‍ക്ക് പകരം അഡയാറിലെ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറെയും, ബെംഗളൂരുവിലെ കിദ്വായി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍, ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ എന്നിവരെയും ഉള്‍പ്പെടുത്തണമെന്ന് കൃഷ്ണയ്യര്‍ മൂവ്‌മെന്റ് ആവശ്യപ്പെട്ടു.

More Citizen News - Ernakulam