കൊച്ചി ഇനി ഡബിള്‍ സ്മാര്‍ട്ട്‌

Posted on: 06 Sep 2015കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കപ്പെട്ടതോടെ സ്വപ്‌നതീരത്തേക്കുള്ള മറ്റൊരു യാത്രയിലാണ് കൊച്ചി. കേന്ദ്രം പ്രഖ്യാപിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ കേരളത്തിലെ ഏക നഗരമായി തിരഞ്ഞെടുക്കപ്പെട്ട കൊച്ചി ഇനി ഡബിള്‍ സ്മാര്‍ട്ടാകുമെന്ന് ഉറപ്പായി.
നേരിട്ട് 6000 തൊഴിലവസരങ്ങള്‍ ആദ്യ ഘട്ടത്തില്‍ തന്നെ ലഭ്യമാകുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതി. ആറര ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ പദ്ധതി അടിസ്ഥാന സൗകര്യ വികസനത്തിനും കെട്ടിടത്തിനുമായി 280 കോടി രൂപയാണ് ചെലവ്.
30 മാസം കൊണ്ട് തീര്‍ക്കാന്‍ ലക്ഷ്യമിടുന്ന രണ്ടാം ഘട്ടത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് 400 കോടി രൂപ ചെലവ് കണക്കാക്കുന്നു. 47 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ചെലവ് ഉള്‍പ്പെടുത്താതെയാണ് ഇത്. കെട്ടിടത്തിന് ചതുരശ്ര അടിക്ക് 3500 രൂപയാണ് കണക്കാക്കിയിരിക്കുന്നത്.
അതേസമയം കേന്ദ്രം വിഭാവന ചെയ്യുന്ന പദ്ധതിയില്‍ കൊച്ചിക്ക് ഇനി ഒരു കടമ്പ കൂടി കടക്കാനുണ്ട്. ഈ വര്‍ഷം തന്നെ സാമ്പത്തിക സഹായം ലഭിക്കണമെങ്കില്‍ ഇതിനായുള്ള സ്മാര്‍ട് സിറ്റി മാസ്റ്റര്‍ പ്ലാന്‍ കേന്ദ്രം അംഗീകരിക്കണം. രാജ്യത്ത് സ്മാര്‍ട് സിറ്റികളായി വികസിപ്പിക്കുന്ന 98 നഗരങ്ങളില്‍ ഈ വര്‍ഷം 20 നഗരങ്ങള്‍ക്കാണ് 200 കോടി വീതം സാമ്പത്തിക സഹായം ലഭിക്കുക. തുടര്‍ന്ന് മൂന്ന് വര്‍ഷങ്ങളില്‍ 100 കോടി വീതവും ലഭിക്കും. എന്നാല്‍ ഈ വര്‍ഷം പരിഗണിക്കുന്ന നഗരങ്ങളില്‍ കൊച്ചി ഉള്‍പ്പെടുമോ എന്ന് കണ്ടറിയണം.

More Citizen News - Ernakulam