കൃഷ്ണസാഗരത്തില്‍ നീരാടി...

Posted on: 06 Sep 2015



കോതമംഗലം: മഞ്ഞപ്പട്ടുടയാടി ചുറ്റി മയില്‍പ്പീലി കിരീടം ചൂടി പൊന്നോടല്‍ കുഴലൂതി കിങ്ങിണിയും ചിലങ്കയും കിലുക്കി ഉണ്ണിക്കണ്ണന്മാരും അരികുപറ്റി വിവിധ വര്‍ണത്തിലുള്ള പട്ടുചേലകളും അണിഞ്ഞ് കൈയില്‍ കുടവുമേന്തി രാധികമാരും അണിനിരന്നപ്പോള്‍ നാടും നഗരിയും അമ്പാടിയിലെ ഗതകാല സ്മരണയിലായി. അമ്പാടി പൈതലായും വെണ്ണക്കണ്ണനായും കാളിയമര്‍ദ്ദകനായും ഗോപാല ബാലകനായും ഗോവര്‍ദ്ധനോദ്ധാരകനായും യമുനാവിഹാരിയായും രൂപഭാവങ്ങളില്‍ അണിനിരന്ന കുട്ടികള്‍ ശോഭായാത്രയെ വര്‍ണാഭമാക്കി. നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും ശ്രീകൃഷ്ണ ഭജന കീര്‍ത്തന സംഘങ്ങളും അലങ്കരിച്ച രഥങ്ങളും ശോഭായാത്രക്ക് കൊഴുപ്പേകി. ശോഭായാത്ര കടന്നു പോകുന്ന വീഥികളില്‍ വീടുകളും സ്ഥാപനങ്ങളും ശ്രീകൃഷ്ണ വിഗ്രഹത്തിന് മുമ്പില്‍ നിറദീപവും കര്‍പ്പൂരാരതിയുമായി സ്വീകരണം നല്‍കി. തൃക്കാരിയൂര്‍, കോതമംഗലം, പിണ്ടിമന, നേര്യമംഗലം എന്നിവിടങ്ങളില്‍ മഹാശോഭയാത്രയും മറ്റിടങ്ങളില്‍ അറുപതോളം ശോഭായാത്രകളും ഉണ്ടായിരുന്നു. ക്ഷേത്രങ്ങളില്‍ രാവിലെ മുതല്‍ വിശേഷാല്‍ പൂജയും ഭാഗവത പാരായണം ഗീത പാരായണം അഖണ്ഡനാമ ജപം രാത്രിയില്‍ അവതാര പൂജയും നടന്നു. ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ വിവിധ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ശോഭായാത്രയും കലാകായിക മത്സരവും നടത്തിയത്.
തൃക്കാരിയൂര്‍ ക്ഷേത്ര മൈതാനിയില്‍ നിന്ന് ആരംഭിച്ച മഹാശോഭായാത്ര ഫുഡ്പാക്ക്‌സ് ഇന്‍ഡ്യാന മാനേജിങ് ഡയറക്ടര്‍ പി.എസ്. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ ആഘോഷത്തിന്റെ ഭാഗമായി ഉറിയടി, പുരാണ പ്രശ്‌നോത്തരി, ഭക്തിഗാനം. ജ്ഞാനപ്പാന, കഥാകഥനം തുടങ്ങിയ മത്സരവും ഉണ്ടായിരുന്നു. തൃക്കാരിയൂരില്‍ തടത്തിക്കവല, തുളിശ്ശേരി കവല, കരിപ്പുഴിക്കടവ്, ഐശ്വര്യ നഗര്‍, ഹൈക്കോര്‍ട്ട് കവല, അയിരൂര്‍പാടം, തൃക്കാരിയൂര്‍ ഗ്രാമം, ആയക്കാട്, ചിറളാട്, മനയ്ക്കപ്പടി എന്നിവിടങ്ങളില്‍ നിന്ന് ശോഭായാത്രകള്‍ തൃക്കാരിയൂര്‍ ക്ഷേത്ര മൈതാനിയില്‍ സംഗമിച്ച് മഹാശോഭയാത്രയായി ആയക്കാട് വഴി തൃക്കാരിയൂര്‍ ക്ഷേത്രത്തില്‍ സമാപിച്ചു. നേര്യമംഗലത്ത് നീണ്ടപാറ ശാസ്താ ക്ഷേത്രം, തട്ടേക്കണ്ണി ശാസ്താ ക്ഷേത്രം, ചെമ്പന്‍കുഴി ദേവീ ക്ഷേത്രം, നേര്യമംഗലം ശാന്തുകാട് ദേവീ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്ര നേര്യമംഗലം ശാസ്താ ക്ഷേത്രത്തില്‍ കേന്ദ്രീകരിച്ച് ടൗണിലേക്കും,അംബികാപുരം ദുര്‍ഗാ ദേവി ക്ഷേത്രം, തലക്കോട് കരിക്കലക്കാവ് ദേവി ക്ഷേത്രം, ആവോലിച്ചാല്‍ പ്ലാങ്കുന്ന് ഭഗവതി ക്ഷേത്രം, ഇഞ്ചത്തൊട്ടി മഹാദേവ ക്ഷേത്രം, വനദുര്‍ഗാ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായാത്രയും നേര്യമംഗലം ടൗണില്‍ കൂടിച്ചേര്‍ന്ന് മഹാശോഭായാത്രയായി വാരിക്കാട്ട്് മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ഉത്സവത്തിന്റെ ഭാഗമായി വിശേഷാല്‍ അവതാരപൂജയും വഴിപാടുകളും ഉണ്ടായിരുന്നു. കോതമംഗലത്ത് തങ്കളം ദേവഗിരി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ നിന്ന് മഹാശോഭായാത്ര ആരംഭിച്ചു. എളമ്പ്ര ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം,മലയിന്‍കീഴ് പീലേക്കാവ് ക്ഷേത്രം,തങ്കളം ഭഗവതി ക്ഷേത്രം,ഇലഞ്ഞിക്കല്‍ കാവ് ശ്രീഭുവനേശ്വരി ക്ഷേത്രം,മാതിരപ്പിള്ളി മഹാഗണപതി ക്ഷേത്രം,പാറത്തോട്ടു കാവ് ഭഗവതി ക്ഷേത്രം,ഏഴാംതറ ദുര്‍ഗാദേവി ക്ഷേത്രം,കരീപ്പന്‍ചിറ വനദുര്‍ഗാ ദേവി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് ശോഭായാത്രകള്‍ അണിചേര്‍ന്ന് മഹാശോഭായാത്ര കോതമംഗലം നഗരം ചുറ്റി തങ്കളം ഭഗവതി ക്ഷേത്രത്തില്‍ സമാപിച്ചു. പിണ്ടിമനയില്‍ കുറുമറ്റം കോട്ടേക്കാവ് ഭഗവതി ക്ഷേത്രം,ആമല അമ്പോലിക്കാവ് ക്ഷേത്രം,തോട്ടത്തികാവ് മഹാകാളി ക്ഷേത്രം,ചിറ്റേക്കാട്ട്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് ശോഭായാത്രകള്‍ മുത്തംകുഴി കവലയില്‍ സംഗമിച്ച് പിണ്ടിമന ചിറ്റേക്കാട്ട് കാവില്‍ സമാപിച്ചു. എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി പി.എ.സോമന്‍ ഉദ്ഘാടനം ചെയ്തു. കുട്ടമ്പുഴ ഒന്നാംപാറ പാറമേല്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്ന് ശോഭായാത്ര തുടങ്ങി ഉരുളന്‍തണ്ണി ഭഗവതി ക്ഷേത്രത്തില്‍ സമാപിച്ചു. ക്ണാച്ചേരി ക്ഷേത്രം,പന്തപ്ര ആദിവാസികുടി,പിണവൂര്‍കുടി എന്നിവിടങ്ങളില്‍ നിന്ന് ശോഭായാത്രകളും ഉണ്ടായിരുന്നു. ആയപ്പാറ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് തുടങ്ങി ചേറങ്ങനാല്‍ കവല വഴി വടാശ്ശേരി ചൊറിയന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ സമാപിച്ചു. വേട്ടാമ്പാറ പിച്ചപ്ര ഭഗവതി ക്ഷേത്രം,മാലിപ്പാറ പി.ഒ ജംഗ്ഷന്‍,പുന്നേക്കാട് പുറപ്പാറ ഭഗവതി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ചെങ്കര എത്തി മഹാശോഭായാത്രയായി ഭൂതത്താന്‍കെട്ട് വനദുര്‍ഗാ ക്ഷേത്രത്തില്‍ സമാപിച്ചു.പിടവൂര്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ നിന്ന് ശോഭായാത്ര തുടങ്ങി കോഴിപ്പിള്ളി തിരുമടക്ക് മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. ഇളംങ്ങവം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്ന് തുടങ്ങി വാരപ്പെട്ടി മഹാദേവ ക്ഷേത്രത്തില്‍ സമാപിച്ചു. ഇടനാട് മുണ്ടയ്ക്കാപ്പടി ജംഗ്ഷനില്‍ നിന്ന് തുടങ്ങി നാഗഞ്ചേരി വഴി ഇടനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.
പല്ലാരിമംഗലം ശിവക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി വിവിധ പരിപാടികളോടെ നടത്തി. തന്ത്രി നരമംഗലം ചെറിയ നീലകണ്ഠന്‍ നമ്പൂതിരി, മേല്‍ശാന്തി കോവിലകം ശംഭുശര്‍മ്മ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം, അഖണ്ഡ ഭാഗവത പാരായണം,വൈകീട്ട് നാലിന് മഹാശോഭായാത്ര ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് മാവുടി കവല വഴി മാവുടി ശ്രീഭദ്രാ ബാലഗോകുലം ശോഭായാത്രയുമായി ചേര്‍ന്ന് അടിവാട് തെക്കേക്കവല ടൗണ്‍ കൂടി ക്ഷേത്രത്തില്‍ തന്നെ സമാപിച്ചു.രാത്രി ശ്രീകൃഷ്ണ അവതാരപൂജയും നടന്നു.
ഇതിന് മുന്നോടിയായി വിവിധ സ്ഥലങ്ങളില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഗോപൂജ,ഉറിയടി,പുരാണ പ്രശ്‌നോത്തരി,ഭക്തിഗാനം,ഭഗവത്ഗീത പാരായണം,ജ്ഞാനപ്പാന,കഥാകഥനം,കലാകായിക മത്സരം എന്നിവയും ഉണ്ടായിരുന്നു.

More Citizen News - Ernakulam