നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം
Posted on: 05 Sep 2015
ശോഭായാത്ര
കൊച്ചി: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായുള്ള ശോഭായാത്രകള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ച കൊച്ചി നഗരത്തില്‍ ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
ഷണ്മുഖം റോഡ്, ബിടിഎച്ച്, ടിഡി റോഡ് എന്നിവിടങ്ങളിലെ വാഹന ഗതാഗതം 3 മണി മുതല്‍ പുനഃക്രമീകരിക്കുന്നതിനാല്‍ തേവര ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ ഓള്‍ഡ് തേവര റോഡ്, ചര്‍ച്ച് ലാന്‍ഡിങ് റോഡ്, ഫോര്‍ഷോര്‍ റോഡ്, ഷണ്മുഖം റോഡ് വഴിയും കലൂര്‍ ഭാഗത്തുനിന്നും ഹൈക്കോടതി, മേനക ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കച്ചേരിപ്പടിവഴി തിരിഞ്ഞ് ചിറ്റൂര്‍ റോഡുവഴിയും പോകേണ്ടതാണ്.
ഗോശ്രീ വഴി മേനക ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ഹൈക്കോടതി ജങ്ഷനില്‍നിന്നും ബാനര്‍ജി റോഡ് വഴി മാധവ ഫാര്‍മസിയിലെത്തി എംജി റോഡ് വഴി തിരിഞ്ഞുപോകണം. അയ്യപ്പന്കാവില്നിന്നും ശോഭായാത്ര സെന്റ് ബെനഡിക്ട് റോഡു വഴി, കോമ്പാറ മാര്‍ക്കറ്റ് റോഡ്, ബാനര്‍ജി റോഡ്, ഷണ്മുഖം റോഡ് വഴിയും രവിപുരത്തുനിന്നുള്ള ശോഭായാത്ര എംജി റോഡ്, ജോസ് ജങ്ഷന് വഴിയും ടിഡി റോഡില്‍നിന്നുള്ള ശോഭായാത്രകള്‍ കാനണ്ഷെഡ് റോഡ് വഴിയും ഡിഎച്ച് ഗ്രൗണ്ടിലേക്ക് പോകും. ശനിയാഴ്ച ഉച്ചയ്ക്കുശേഷം ട്രാഫിക് തടസ്സം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എറണാകുളം എംജി റോഡ്, ചിറ്റൂര്‍ റോഡ്, ബാനര്‍ജി റോഡ്, ഷണ്മുഖം റോഡ്, പാര്‍ക്ക് അവന്യൂ റോഡ് എന്നിവിടങ്ങളില്‍ വാഹന പാര്‍ക്കിങ് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറയില്‍ ശോഭായാത്രയോടനുബന്ധിച്ച് താഴെപ്പറയുന്ന പ്രകാരമുള്ള ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. തിരുവാങ്കുളം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ കരിങ്ങാച്ചിറയില്നിന്ന് വലത്തേക്ക് തിരിഞ്ഞ് പുതിയ റോഡ്, എസ്എന്‍ ജങ്ഷന്, വടക്കേക്കോട്ട വഴിയും പുതിയകാവ് ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങള്‍ കണ്ണന്കുളങ്ങരയില്നിന്ന് മിനി ബൈപ്പാസിലേക്ക് തിരിയാതെ പോലീസ്സ്റ്റേഷന് മുമ്പില്‍നിന്ന് ഇടതു തിരിഞ്ഞ് ബസ് സ്റ്റാന്‍ഡിലെത്തിയും പോകണം.
കാക്കനാട് ഭാഗത്തുനിന്നും പാലാരിവട്ടം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങള്‍ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് വഴി പോകണം. ചെറിയ വാഹനങ്ങള്‍ പടമുഗളില്നിന്ന് ഇടതുതിരിഞ്ഞ് പാലച്ചുവട്, വെണ്ണല വഴി ബൈപ്പാസിലെത്തി പോകേണ്ടതാണ്.
ആലുവ ഭാഗത്തുനിന്നും ഇടപ്പള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കളമശ്ശേരിയില്‍നിന്ന് തിരിഞ്ഞ് കണ്ടെയ്നര്‍ റോഡ് വഴി പോകണം. ഇടപ്പള്ളിയില്‍നിന്നും എളമക്കര, പോണേക്കര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബിടിഎസ് റോഡ്, കീര്‍ത്തി നഗര്‍, താന്നിക്കല്‍ ജങ്ഷന് വഴി പോകേണ്ടതാണ്.