തൈക്കൂടം അങ്ങാടി വിസ്മൃതിയിലേക്ക്...
Posted on: 05 Sep 2015
കൊച്ചി: നൂറ്റാണ്ടിന്റെ പഴക്കമുള്ള തൈക്കൂടം അങ്ങാടി വിസ്മൃതിയിലേക്ക്. തൃപ്പൂണിത്തുറ റോഡിന് ഇരുഭാഗവുമായി തൈക്കൂടം ജങ്ഷനില്‍ അമ്പതോളം കടകളുള്ളതായിരുന്നു അങ്ങാടി. മെട്രോ റെയില്‍ നിര്‍മാണത്തിനായി തൈക്കൂടം അങ്ങാടി പൂര്‍ണമായിത്തന്നെ പൊളിച്ചുമാറ്റുകയാണ്. തൈക്കൂടം അങ്ങാടി കേന്ദ്രീകരിച്ച് ഒരുകാലത്ത് നഗരം പേടിയൊടെ കണ്ടിരുന്ന ഗുണ്ടാസംഘങ്ങള്‍ തന്നെ ഉണ്ടായിരുന്നു. പലചരക്കു കടകളും പച്ചക്കറി, മരുന്നുകട, ബാര്‍ബര്‍ ഷാപ്പ്, ബേക്കറി തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്ന അങ്ങാടിയായിരുന്നു തൈക്കൂടം. ചമ്പുക്കര, വൈറ്റില ഭാഗത്തുനിന്നുവരെ ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ തൈക്കൂടം അങ്ങാടിയില്‍ എത്തിയിരുന്നു.
മെട്രൊ നിര്‍മാണ ഭാഗമായി റോഡിന് ഇരുഭാഗത്തുമുള്ള വീടുകള്‍ പൊളിച്ചു തുടങ്ങി. ഇനി കടകള്‍ പൊളിച്ചുനീക്കും. എല്ലാ കടകളില്‍ നിന്നും വാടകക്കാര്‍ ഒഴിഞ്ഞുപോയിക്കഴിഞ്ഞു. കടമുറികള്‍ പൊളിച്ചുനീക്കിയാല്‍ ചിലയിടത്തെങ്കിലും അവശേഷിക്കുന്ന സ്ഥലത്ത് കെട്ടിടം പണിയാനാവും. എന്നാല്‍ ഉടമകളാരും തന്നെ പുതിയ കടകള്‍ നിര്‍മിക്കുന്നതിനായി രംഗത്തുവന്നിട്ടില്ല.
തൈക്കൂടത്തുനിന്ന് കടകളെല്ലാം പോകുന്നതോടെ കടവില്‍ റോഡ്, ഉദയാറോഡ്, എം.ഇ.എസ്. റോഡ് തുടങ്ങി സ്ഥലങ്ങളിലെ വീട്ടുകാര്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് ഒരുകിലോമീറ്റര്‍ യാത്രചെയ്ത് ചമ്പക്കരയില്‍ എത്തണം.