ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ഇന്ന്
Posted on: 05 Sep 2015
പറവൂര്‍: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ വിവിധ ചടങ്ങുകളോടെ ശനിയാഴ്ച നടക്കും. ക്ഷേത്രങ്ങളിലും ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിലും ശ്രീകൃഷ്ണ ജയന്തി ശനിയാഴ്ച ആഘോഷിക്കും. പറവൂരില്‍ വൈകീട്ട് മഹാ ശോഭായാത്ര ഉണ്ടാകും.
പറവൂര്‍ കണ്ണന്‍കുളങ്ങര ശ്രീകൃഷ്ണക്ഷേത്രത്തില്‍ രാവിലെ അഷ്ടാഭിഷേകം, നാമജപം. വൈകീട്ട് നാലിന് സ്വരത്രയ നൃത്തസംഗീത കലാക്ഷേത്രയുടെ നേതൃത്വത്തില്‍ ഭക്തിഗാന മത്സരം നടത്തും. 5.30ന് കാഴ്ചശ്രീബലി, വെടിക്കെട്ട്, അവതാര പൂജ, വിളക്കിനെഴുന്നള്ളിപ്പ് എന്നിവയുമുണ്ടാകും.
നന്തികുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശനിയാഴ്ച അഷ്ടമിരോഹിണി ഉത്സവം നടക്കും. അഷ്ടാഭിഷേകം, ഭാഗവത പാരായണം, പ്രസാദഊട്ട്, ശോഭായാത്രയ്ക്ക് വരവേല്പ്, വെടിക്കെട്ട് എന്നിവ ഉണ്ടാകും.
പെരുവാരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ രാവിലെ 7.30ന് നാരായണീയ പാരായണം. 11.30ന് ഉണ്ണിഊട്ട്,വൈകീട്ട് കോട്ടയ്ക്കകം ക്ഷേത്രത്തില്‍ നിന്നും ശോഭായാത്ര, പുഷ്പാഭിഷേകം എന്നിവയുണ്ട്.
ചേന്ദമംഗലം പാലിയം ചേന്ദ തൃക്കോവ് ക്ഷേത്രത്തില്‍ രാവിലെ അഷ്ടാഭിഷേകം. നാരായണീയ പാരായണം, പുഷ്പാഭിഷേകം, പ്രസാദഊട്ട്, വൈകീട്ട് ഏഴിന് കാവില്‍ ഉണ്ണികൃഷ്ണ വാര്യരുടെ സോപാനസംഗീതം, രുക്മിണിസ്വയംവര പറനിറയ്ക്കല്‍ എന്നിവയുണ്ടാകും.
ചെറിയപല്ലംതുരുത്ത് തൃക്കേപറമ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉണ്ണിഊട്ട്, കുറ്റിച്ചിറ പാലത്തിനു സമീപത്തു നിന്നും മഹാശോഭായാത്ര, ഉറിയടി, വെടിക്കെട്ട്, എളന്തിക്കര തൃക്കയില്‍ മഹാവിഷ്ണു നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം, പ്രസാദഊട്ട്, അഷ്ടമിരോഹിണി ഘോഷയാത്ര എന്നിവയുമുണ്ട്..
ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ പറവൂരില്‍ വൈകീട്ട് മഹാശോഭായാത്ര നടക്കും. വൈകീട്ട് നാലിന് ചെറുശോഭായാത്രകള്‍ ആരംഭിക്കും. വഴിക്കുളങ്ങര, വാണിയക്കാട്, കിഴക്കേപ്രം, പെരുമ്പടന്ന, വെളുത്താട്ട്, തോന്ന്യകാവ്, പെരുവാരം എന്നിവിടങ്ങളില്‍ നിന്നാണ് ചെറുശോഭായാത്രകള്‍ ആരംഭിക്കുന്നത്. ഇവ പെരുവാരം മഹാദേവ ക്ഷേത്ര സന്നിധിയില്‍ സംഗമിച്ച് മഹാശോഭായാത്രയായി പറവൂര്‍ ടൗണില്‍ എത്തും. മെയിന്‍ റോഡിലൂടെ ശോഭായാത്ര കണ്ണന്‍കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ എത്തി സമാപിക്കും.
കെടാമംഗലം ബാലവേദിയുടെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം നടക്കും. വൈകീട്ട് നാലിന് ഘോഷയാത്ര കെടാമംഗലം പീടിയേക്കല്‍ പറമ്പില്‍ നിന്നും ആരംഭിക്കും.കെടാമംഗലം ചാക്കാത്തറ ജ്ഞാനേശ്വരി ക്ഷേത്രത്തിലാണ് സമാപനം.
ആലങ്ങാട് ചെമ്പോരെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ആഘോഷത്തിന്റെ ഭാഗമായി കളഭാഭിഷേകവും വിശേഷാല്‍ പൂജകളും നടക്കും. തുടര്‍ന്ന് രോഹിണിയൂട്ട്, രാമചന്ദ്രന്‍മാസ്റ്ററുടെ പ്രഭാഷണവുമുണ്ടാകും. വൈകിട്ട് മാരായില്‍ ക്ഷേത്രത്തില്‍നിന്നും ശോഭായാത്ര പുറപ്പെടും. കല്ലൂപാലംവഴി ക്ഷേത്രത്തിലെത്തുമ്പോള്‍ വിശേഷാല്‍ ദീപാരാധനയുമുണ്ടാകും. മനയ്ക്കപ്പടി കാരിപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, രോഹിണസദ്യ, ശോഭായാത്രയ്ക്ക് സ്വീകരണം എന്നിവയുണ്ടാകും.
കോവിലകത്തുംകടവ് പാഞ്ചജന്യം ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭയാത്ര നടത്തും. മുനമ്പം ശ്രീകൃഷ്ണക്ഷേത്രം, കോവിലകത്തുംകടവ് ശ്രീകൃഷ്ണക്ഷേത്രം, എടവനക്കാട് അണിയല് ശ്രീകൃഷ്ണക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ മഹാശോഭായാത്ര നടത്തും. കുഴുപ്പിള്ളി ബാലകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ ബാലഊട്ടും മഹാശോഭായാത്രയും നടത്തും