ജന്മദിനത്തില്‍ കളക്ടര്‍ക്ക് 'കൊച്ചു മാണിക്യം' പിറന്നു

Posted on: 05 Sep 2015കാക്കനാട്: ജന്മദിനത്തില്‍ 'കൊച്ചു മാണിക്യം' പിറന്ന സന്തോഷത്തിലാണ് ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം. വെള്ളിയാഴ്ച പുലര്‍ച്ചെ 3.50നാണ് തൃശ്ശൂര്‍ മുന്‍ സിറ്റി പോലീസ് കമ്മീഷണറായ, കളക്ടറുടെ ഭാര്യ ആര്‍. നിശാന്തിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
സപ്തംബര്‍ നാലിന് തന്നെയാണ് കളക്ടറുടെ ജന്മദിനവും. ജില്ലാ ഭരണകൂടം നേതൃത്വം നല്‍കുന്ന വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ 'സാന്ത്വനം' പരിപാടി വേദിയില്‍ കളക്ടര്‍ എത്തിയത് കുഞ്ഞ് പിറന്ന സന്തോഷവുമായാണ്.
പരിപാടിക്ക് അല്പം വൈകിയാണ് എത്തിയതെങ്കിലും, തന്റെയും മകന്റെയും പിറന്നാള്‍ദിനം സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം കളക്ടര്‍ പങ്കുവെച്ചു. സാന്ത്വനത്തിന്റെ സമാപന സമ്മേളനവേദിയില്‍ വി.പി. സജീന്ദ്രന്‍ എംഎല്‍എ കളക്ടര്‍ക്ക് മധുരം നല്‍കി ജന്മദിനവും കുഞ്ഞു പിറവിയും ആഘോഷിച്ചു.
ജീവിതത്തിന്റെ നിര്‍ണായക നിമിഷത്തിലും വ്യക്തി ജീവിതത്തേക്കാള്‍ പ്രാധാന്യം ഔദ്യോഗിക ജീവിതത്തിന് നല്‍കി സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് സാന്ത്വനമേകുവാന്‍ എത്തിയ കളക്ടര്‍ ഏവര്‍ക്കും മാതൃകയാണെന്ന് എംഎല്‍എ പറഞ്ഞു. കളക്ടറുടെ രണ്ടാമത്തെ കുട്ടിയാണ് വെള്ളിയാഴ്ച പിറന്നത്. ആദ്യത്തെ മകള്‍ വെണ്‍പയും എറണാകുളത്ത് ലക്ഷ്മി ആശുപത്രിയില്‍ തന്നെയാണ് പിറന്നത്. ഔദ്യോഗിക തിരക്കുകള്‍ കാരണം വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് കളക്ടര്‍ കുട്ടിയെ കാണാന്‍ ആശുപത്രിയില്‍ എത്തിയത്.

More Citizen News - Ernakulam