ബി.ജെ.പി.യിലെ പ്രശ്‌നങ്ങള്‍ സംഘവുമായി ആലോചിച്ച് പരിഹരിക്കും

Posted on: 05 Sep 2015ജില്ലാ പ്രസിഡന്റിനെതിരെ മുതിര്‍ന്ന അംഗം


കൊച്ചി: എറണാകുളത്ത് ബി.ജെ.പി.യിലുണ്ടായ പ്രശ്‌നങ്ങള്‍ ആര്‍.എസ്.എസ്. നേതൃത്വവുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും. വെള്ളിയാഴ്ച ചേര്‍ന്ന ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടിയില്‍ ജില്ലാ പ്രസിഡന്റിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ദീര്‍ഘമായ ചര്‍ച്ചയ്ക്ക് വഴിവെച്ചു. കമ്മിറ്റിയിലെ ബഹുഭൂരിഭാഗവും ജില്ലാ പ്രസിഡന്റിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍, ഒരു മുതിര്‍ന്ന അംഗം ജില്ലാ പ്രസിഡന്റിന്റെ നടപടികളെ എതിര്‍ത്ത് അഭിപ്രായ പ്രകടനം നടത്തി. ശക്തമായി നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കമ്മിറ്റിയില്‍ പ്രസിഡന്റിനെ അനൂകൂലിക്കുന്നവര്‍ ഇതിനെ നേരിട്ടു. ഒരു പ്രധാന ഭാരവാഹിയും ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ സത്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി. എറണാകുളത്ത് പുതുതായി പാര്‍ട്ടിയിലേക്ക് എത്തിയവര്‍ക്ക് അമിതമായി പ്രാധാന്യം ലഭിക്കുന്നുണ്ടെന്നും ദേശീയ നേതാക്കള്‍ വന്നാല്‍ ഇവരാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പുതിയ പ്രവര്‍ത്തകര്‍ രംഗത്തുവരുന്നതോടെ പഴയ പ്രവര്‍ത്തകര്‍ പിന്തള്ളപ്പെട്ടുപോകുന്നതിനെക്കുറിച്ചായി ചര്‍ച്ച.
ദേശീയ നേതാക്കളും മറ്റും കൊച്ചിയില്‍ എത്തുമ്പോള്‍ വളരെ വൈകിയാണ് അറിയിപ്പ് കിട്ടാറുള്ളതെന്നും അപ്പോള്‍ നഗരത്തില്‍ എളുപ്പം കിട്ടുന്നവരെ ചുമതലകള്‍ ഏല്പിക്കേണ്ടിവരികയായിരുന്നുവെന്നും ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ് യോഗത്തില്‍ വിശദീകിരിച്ചു. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് വന്നശേഷം സംഘവുമായി ആലോചിച്ച് പ്രശ്‌നം പരിഹരിക്കാനാണ് ആലോചിച്ചിട്ടുള്ളത്.
അതേസമയം ബി.ജെ.പി.യിലെ ചേരിതിരിവ് വെള്ളിയാഴ്ച രാവിലെ മറനീക്കി തെരുവിലെത്തി. സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന ബി.ജെ.പി. സെല്‍ കണ്‍വീനറുടെ പരാതിയെത്തുടര്‍ന്ന് , സെന്‍ട്രല്‍ പോലീസ് മറുവിഭാഗത്തെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി. എന്നാല്‍ അവര്‍ സെല്‍ കണ്‍വീനര്‍മാര്‍ നടത്തിയ പിരിവിന്റെ തെളിവുകള്‍ പോലീസ് സ്റ്റേഷനു മുന്നില്‍ മാധ്യമങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു. പരാതിക്കാരനും തെളിവുകളുമായി എത്തിയവരും തമ്മില്‍ സ്റ്റേഷനു പുറത്ത് സംഘര്‍ഷം ഉണ്ടായേക്കാവുന്ന സ്ഥിതിയും വന്നു. ഒടുവില്‍ ബി.ജെ.പി.യുടെ മുതിര്‍ന്ന നേതൃത്വം ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു.
എറണാകുളം നഗരത്തില്‍ പാര്‍ട്ടിയുടെ പേരില്‍ ഉപജാപകസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ മോര്‍ച്ചകളുടേയും സെല്ലുകളുടേയും പേരില്‍ അനധികൃതപിരിവ് നടത്തുകയുമാണ്. ബ്രോഡ്വേ സംരക്ഷണ സമിതി എന്ന പേരില്‍ കടലാസ് സംഘടനയുണ്ടാക്കി പുതുക്കിപ്പണിയുന്ന കെട്ടിടങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്തുകയാണെന്നും ഇതിനായി വിവരാവകാശ രേഖകള്‍ സംഘടപ്പിച്ച് ഭീഷണിപ്പെടുത്തുകയാണ്. പണപ്പിരിവിനായി വ്യാജ പോസ്റ്ററുകള്‍ ഒട്ടിക്കുകയാണെന്നും സെല്‍ ഭാരവാഹികള്‍ക്കെതിരെ രംഗത്ത് എത്തിയവര്‍ പ്രതികരിച്ചു.

More Citizen News - Ernakulam