ഗോതുരുത്ത് ചവിട്ടുനാടക കലാകേന്ദ്രം ഉദ്ഘാടനം ഏഴിന്
Posted on: 05 Sep 2015
പറവൂര്‍: മുസ്സിരിസ് പൈതൃക സംരക്ഷണ പദ്ധതി പ്രകാരം ഗോതുരുത്ത് ചവിട്ടുനാടക കലാകേന്ദ്രത്തിന്റെയും രുചി പൈതൃക റസ്റ്റോറന്റിന്റെയും ഉദ്ഘാടനം ഏഴിന് അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷനാകും. കോട്ടപ്പുറം രൂപത വികാരി ജനറല്‍ ഡോ. ഡൊമിനിക് പിന്‍ഹീറോ മുഖ്യാതിഥിയാകും.
അന്യം നിന്നുപോയ കലാരൂപങ്ങളെ പുനരുജ്ജീവിപ്പിക്കുകയും തനതുകലകളെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ചവിട്ടുനാടക കലാകേന്ദ്രം സ്ഥാപിച്ചത്. ഈ പുരാതന ക്രൈസ്തവ കലയുടെ പ്രധാനകേന്ദ്രമാണ് ഗോതുരുത്ത്.
ഗോതുരുത്തില്‍ ചവിട്ടുനാടക അവതരണ സംഘങ്ങളുണ്ട്. സ്കൂള്‍ യുവജനോത്സവങ്ങളിലും മറ്റും ഗോതുരുത്തിലെ ചവിട്ടുനാടക വിദ്യാര്‍ഥികള്‍ ഏറ്റവും ഉയര്‍ന്ന പ്രകടനമാണ് കാഴ്ചവച്ചുവരുന്നത്. എല്ലാ വര്‍ഷവും ചുവടിഫെസ്റ്റ് എന്ന പേരില്‍ ചവിട്ടുനാടക മേള ഇവിടെ നടത്തിവരുന്നു.
ചവിട്ടുനാടകത്തിന് ഇന്ത്യയിലും വിദേശത്തും അംഗീകാരം നേടികൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുസ്സിരിസ് പദ്ധതിയില്‍ ചവിട്ടുനാടക കലാകേന്ദ്രം നിര്‍മിച്ചിട്ടുള്ളതെന്ന് വി. ഡി. സതീശന് എംഎല്‍എ പറഞ്ഞു. മുസ്സിരിസില്‍ വന്നെത്തുന്ന സഞ്ചാരികള്‍ക്ക് ചവിട്ടുനാടകവും മറ്റു തനത് കലാരൂപങ്ങളും ആസ്വദിക്കുന്നതിനുള്ള അവസരം ഇവിടെയുള്ള ഓഡിറ്റോറിയത്തില്‍ ഒരുക്കും. ഗോതുരുത്തിലെ പരമ്പരാഗത നാടന്‍ ഭക്ഷണ വിഭവങ്ങള്‍ അതേ രുചിയില്‍ ലഭിക്കുന്നതിന് രുചി പൈതൃക റസ്റ്റോറന്റും ഒരുക്കിയിട്ടുണ്ട്.