ശ്രീനാരായണ ഗുരു ലോക ഗുരു- ശരത് ത്രിപാഠി എം.പി

Posted on: 05 Sep 2015ആലുവ: മലയാളിയായി പിറന്ന ശ്രീനാരായണ ഗുരുദേവന്‍ ലോകജനതയുടെ ഗുരുവാണെന്ന്് ഉത്തര്‍പ്രദേശിലെ ബി.ജെ.പി. നേതാവ് ശരത് ത്രിപാഠി എം.പി. പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്‍ സ്ഥാപിച്ച ആലുവ അദ്വൈതാശ്രമം സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവിന്റെ സന്ദേശങ്ങള്‍ രാജ്യം മുഴുവന്‍ പ്രചരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അദ്വൈതാശ്രമത്തിലെത്തിയ എം.പി.യെ ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയുടെ അസാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി പി.കെ. ജയന്തന്റെ നേതൃത്വത്തില്‍ ഷാളണിയിച്ച് സ്വീകരിച്ചു. അദ്വൈതാശ്രമം ശതാബ്ദിയോടനുബന്ധിച്ച് നിര്‍മിച്ച ഗുരുധ്യാന മണ്ഡപം ഉള്‍പ്പെടെ സന്ദര്‍ശിച്ച് ഗുരുപ്രതിമക്ക് മുമ്പില്‍ പ്രണാമം അര്‍പ്പിച്ച ശേഷമാണ് എം.പി. മടങ്ങിയത്. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്‍, ബഹ്‌റിന്‍ ഓവര്‍സിസ് ബി.ജെ.പി. ജനറല്‍ സെക്രട്ടറി എസ്. സതീഷ് കായംകുളം എന്നിവരും എം.പി. ക്കൊപ്പമുണ്ടായിരുന്നു. യു.പി.യിലെ ശന്ദ്കബീര്‍ നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.പി.യായ ശരത് ത്രിപാഠി കോഴിക്കോട്, പാലക്കാട് മണ്ഡലങ്ങള്‍ സന്ദര്‍ശിക്കുന്നതിനായാണ് കേരളത്തിലെത്തിയത്.

More Citizen News - Ernakulam