കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒ.പി. യ്ക്കൊപ്പം താത്കാലിക കിടത്തി ചികിത്സയും ലഭ്യമാകും
Posted on: 05 Sep 2015
സ്പെഷല്‍ ഓഫീസര്‍ സന്ദര്‍ശിച്ചു
കളമശ്ശേരി: നിര്‍ദ്ദിഷ്ട കൊച്ചി കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്താന്‍ സ്പെഷല്‍ ഓഫീസര്‍ ഡോ. ആശ തോമസ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു. സ്പെഷല്‍ ഓഫീസറായി ചുമതലയേറ്റ ശേഷം ആദ്യമായാണ് സന്ദര്‍ശനം. ഒ.പി ആരംഭിക്കുന്നതോടൊപ്പം താത്കാലിക കിടത്തി ചികിത്സ ആരംഭിക്കുന്നതും, മറ്റ് അവശ്യ സൗകര്യങ്ങള്‍ ആരംഭിക്കുന്നതും പരിശോധിച്ചു. ടെക്നിക്കല്‍ സ്പെഷല്‍ ഓഫീസര്‍ ഡോ. വി.പി. ഗംഗാധരനുമായി ഇക്കാര്യങ്ങള്‍ സ്പെഷ്യല്‍ ഓഫീസര്‍ വിശദമായി ചര്‍ച്ച ചെയ്തു.
കെട്ടിടത്തിന്റെ നടുവിലെ ബ്ലോക്കാണ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് ഉപയോഗിക്കുക. താഴത്തെ നിലയില്‍ ഒ.പി വിഭാഗം തുടങ്ങും. ഒന്നാം നിലയില്‍ പരിശോധന വിഭാഗവും പാത്തോളജിയും തുടങ്ങുന്ന കാര്യം പരിഗണിക്കുന്നതായി സ്പെഷല്‍ ഓഫീസര്‍ പറഞ്ഞു. 28 മുറികളാണ് കെട്ടിടത്തിന്റെ ഈ ബ്ലോക്കില്‍ ഉള്ളത്.
മുറികള്‍ക്ക് ഇടയിലുള്ള ഭിത്തികള്‍ നീക്കം ചെയ്ത് ആവശ്യാനുസരണം ഉപയോഗിക്കാന്‍ കഴിയും. ഒ.പി സ്ഥാപിച്ച ശേഷം താല്‍ക്കാലിക കിടത്തി ചികിത്സക്ക് ഉള്ള സൗകര്യങ്ങള്‍ ഇവിടെ ഉണ്ടാക്കാനാണ് തീരുമാനം. ഒരോ മുറിയിലും രണ്ട് രോഗികളെ വീതം പ്രവേശിപ്പിക്കാവുന്ന തരത്തില്‍ 50 രോഗികളെ ആദ്യഘട്ടത്തില്‍ കിടത്തി ചികിത്സിക്കാനുള്ള സംവിധാനത്തിലേക്ക് ആസ്പത്രിയെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്.
ഒ.പി വിഭാഗത്തിന് ആവശ്യം വരുന്ന ജീവനക്കാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ മറ്റ് മെഡിക്കല്‍ കോളേജുകളില്‍ നിന്ന് കൊണ്ടുവരും. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ നിന്നോ മറ്റ് മെഡിക്കല്‍ കോളേജുകളില്‍ നിന്നോ എത്തിക്കാനാണ് ശ്രമം. ഇന്‍സ്റ്റിറ്റിയൂട്ട് ആര്.സി.സി. മാതൃകയില്‍ സൊസൈറ്റി ആയിട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്. അതുകൊണ്ട് പുതിയ ജീവനക്കാരെ പദ്ധതിക്കായി തിരഞ്ഞെടുക്കുന്നതിന് കാലതാമസം ഉണ്ടാകും. സൊസൈറ്റിയുടെ മേല്നോട്ടത്തിലേ ഇക്കാര്യങ്ങള്‍ സാധ്യമാകൂ. നിലവില്‍ സൊസൈറ്റി രൂപീകരണം പൂര്‍ത്തിയാകാത്തത് കൊണ്ടാണ് മറ്റിടങ്ങളില്‍ നിന്ന് താല്‍ക്കാലികമായി ജീവനക്കാരെ കൊണ്ട് വരാന്‍ ആലോചിക്കുന്നത്. പത്ത് ഡോക്ടര്‍മാരെയാണ് പ്രാരംഭപ്രവൃത്തികള്‍ക്ക് വേണ്ടി വരികയെന്നാണ് കണക്ക് കൂട്ടല്‍. നാല് കാന്‍സര്‍ കണ്‍സള്‍ട്ടന്റുമാരും ആറ് ജൂനിയര്‍ ഡോക്ടര്‍മാരും ഉണ്ടാകും. ഇതിനൊപ്പം നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും വേണം. കാന്‍സര്‍ സ്ക്രീനിങ്, ബോധവത്കരണം, നിര്‍ണയം എന്നീ പ്രാഥമിക സൗകര്യങ്ങളാണ് ആദ്യഘട്ടത്തില്‍ ഒരുക്കുക.
ബിവറേജസ് കോര്‍പ്പറേഷനാണ് ഒ.പി നിര്‍മ്മാണത്തിനുള്ള 10 കോടി നല്‍കുക. സ്പെഷല്‍ ഓഫീസര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഫണ്ടും പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. എറണാകുളം മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റുണ്ട്. മുന്‍പ് മെഡിക്കല്‍ ഓങ്കോളജിയും പ്രവര്‍ത്തിച്ചിരുന്നതാണ്. ഇതും പദ്ധതിക്ക് പ്രയോജനപ്പെടുത്താനാകും.
വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടപ്പാക്കുമെന്ന് സ്പെഷല്‍ ഓഫീസര്‍ പറഞ്ഞു. എത്രയും വേഗം പണികള്‍ പൂര്‍ത്തിയാക്കി കാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങാനാണ് ശ്രമിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ഡോ. എസ്. അശ്വിനികുമാര്‍ പറഞ്ഞു. പദ്ധതിക്ക് നഗരസഭയുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് കളമശ്ശേരി നഗരസഭ ചെയര്മാന് ജമാല്‍ മണക്കാടനും അറിയിച്ചു.