ആനവേട്ട: ആറാം പ്രതി കീഴടങ്ങി
Posted on: 05 Sep 2015
കോതമംഗലം: തുണ്ടം ഫോറസ്റ്റ് റെയ്ഞ്ചിലെ ആനവേട്ട കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ആറാം പ്രതി അടിമാലി ഇരുമ്പുപാലം പടിക്കപ്പ് കന്നുകുടിയില് കെ.കെ. ഷിബു (36) കോടതിയില്‍ കീഴടങ്ങി. പിടികിട്ടാപ്പുള്ളികളെ തേടി വനംവകുപ്പ് അന്വേഷണം നിഷ്ക്രിയമാണെന്ന 'മാതൃഭൂമി' വാര്‍ത്തയെ തുടര്‍ന്ന് അന്വേഷണം ശക്തമാക്കിയിരുന്നു.
കേസിലെ മുഖ്യപ്രതി, ആത്മഹത്യ ചെയ്ത അയ്ക്കരമറ്റം വാസുവിന്റെ ബന്ധുവും സഹായിയുമായിരുന്നു ഷിബു. വാസുവിനൊപ്പം നിരവധി തവണ ഷിബു കാട്ടില്‍ പോയി ആനവേട്ട നടത്തിയിട്ടുള്ളതായി അന്വേഷണ സംഘം വെളിപ്പെടുത്തി.
വാസുവിന്റെ സംഘത്തിനൊപ്പം വനത്തില്‍ എട്ട് ആനകളേയും ഓരോ കരടിയേയും കാട്ടുപോത്തിനേയും വേട്ടയാടിയതായാണ് പ്രതിയുടെ പേരിലുള്ള കേസ്. ഒളിവില്‍ കുട്ടമ്പുഴ, അടിമാലി തുടങ്ങി പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ചുവരികയായിരുന്നു.
ഭരണമുന്നണിയിലെ ഒരു ഘടകകക്ഷിയുടെ ചില പ്രാദേശിക നേതാക്കളുടെ ഒത്താശയോടെയാണ് പ്രതി അഭിഭാഷകന് മുഖേന വെള്ളിയാഴ്ച രാവിലെ കോതമംഗലം നമ്പര്‍ ടു മജിസ്ട്രേട്ട് കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങി കരിമ്പാനി വനത്തില്‍ തെളിവെടുപ്പിന് കൊണ്ടുപോയി.