ആനവേട്ട: 20 ഓളം പ്രതികളുടെ പേരില്‍ 300 ഓളം കേസ്

Posted on: 05 Sep 2015കണ്ടെത്തിയത് 17 ആനകളുടെ അവശിഷ്ടം


കോതമംഗലം:
വനംവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും പ്രമാദമായ ആനവേട്ട കേസ് കേസിന്റെ എണ്ണത്തിലും ശ്രദ്ധേയമാവുന്നു. മലയാറ്റൂര്‍ ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ ആനവേട്ട നടന്നതായി തെളിഞ്ഞത്. വാഴച്ചാല്‍, മൂന്നാര്‍ ഡിവിഷനിലും ആനവേട്ട കേസുണ്ട്. ആന, കരടി, കാട്ടുപോത്ത് എന്നിവയെ വേട്ടയാടിയതുമായി നേരിട്ട് ബന്ധമുള്ള 20 ഓളം പ്രതികളുടെ പേരില്‍ 300 ഓളം കേസാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ട്.
കേസില്‍ ഇതുവരെ 17 ആനകളുടെ അവശിഷ്ടം കണ്ടെത്തി. വേട്ടയ്ക്ക് ഉപയോഗിച്ച ആറ് തോക്കുകളും കസ്റ്റഡിയിലെടുത്തു. 28 ആനകളെ വേട്ടയാടിയതായാണ് വനം വകുപ്പ് തുടക്കത്തില്‍ അറിയിച്ചത്. ബാക്കി ആനകളുടെ ജഡാവശിഷ്ടം കണ്ടെത്താന്‍ അന്വേഷണം നടക്കുന്നില്ല.
40 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. 29 പേര്‍ അറസ്റ്റിലായി. മരിച്ച വാസു ഒഴിച്ച് 10 പ്രതികളെ പിടികിട്ടാനുണ്ട്.
മലയാറ്റൂര്‍ ഡിവിഷനിലെ തുണ്ടം റെയ്ഞ്ചിലെ കരിമ്പാന ഫോറസ്റ്റ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ ആനകളുടെ ജഡാവശിഷ്ടം കണ്ടെത്തിയത്. ഇവിടെ മാത്രം 9 ആനകളുടെ അവശിഷ്ടം കണ്ടെത്തിയിരുന്നു.
പ്രതികളില്‍ മൂന്ന് പേര്‍ ആനക്കൊമ്പ് വ്യാപാരവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലുള്ളവരാണ്. ഇവരില്‍ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലുള്ളവരെ കുറിച്ച് ഇതുവരെ യാതൊരുവിധ അന്വേഷണവും നടത്താന്‍ സാധിച്ചിട്ടില്ല. ഇതില്‍ കൊല്‍ക്കത്ത തങ്കച്ചി എന്ന സിന്ധു തിരുവനന്തപുരം സ്വദേശിനിയാണ്.
തിരുവനന്തപുരത്തെ ആനക്കൊമ്പ് റെയ്ഡിന് ശേഷമാണ് ഇവര്‍ ഒളിവില്‍ പോയത്. പിടികിട്ടാനുള്ള രണ്ട് പ്രതികളായ ജീവനും കൃഷ്ണന്‍കുട്ടിയും ആനവേട്ടക്കാര്‍ക്ക് തോക്ക് നിര്‍മിച്ചും അറ്റകുറ്റപ്പണി തീര്‍ത്തും കൊടുത്തവരാണ്. റിമാന്‍ഡില്‍ കഴിയുന്ന വാസുവിന്റെ സഹോദരിയുടെ മകന്‍ അനീഷ്, അറസ്റ്റിലായ കടമാനത്ത് സുകുവിന്റെ മകന്‍ അനൂപ് ഉള്‍പ്പെടെയുള്ള പ്രതികളാണ് ഒളിവിലുള്ളത്.
ആനയെ കൂടാതെ കാട്ടുപോത്ത്, കരടി തുടങ്ങിയ മൃഗങ്ങളേയും പ്രതികള്‍ വേട്ടയാടിയിട്ടുണ്ട്. കൂരമാന്‍, മ്ലാവ് തുടങ്ങിയ വന്യജീവികളെ കൊന്നതിന് കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല.
അന്വേഷണ സംഘത്തെ ബുദ്ധിമുട്ടിലാക്കുന്നത് വേട്ടയ്ക്കിരയായ ആനകളുടെ കൊമ്പ് കണ്ടെത്താന്‍ സാധിക്കാത്തതാണ്. തിരുവനന്തപുരത്ത് റെയ്ഡില്‍ പിടിച്ച 52 കിലോ കൊമ്പില്‍ ഇവിടെ നടന്ന ആനവേട്ടയുടെ ആണെന്ന് കോടതിയിലെത്തുമ്പോള്‍ തെളിയിക്കുക ബുദ്ധിമുട്ടാകും. ഇത് പ്രതികള്‍ക്ക് കേസില്‍ നിന്ന് രക്ഷപ്പെടാനും അവസരമാകും. വനംവകുപ്പിന് തലവേദന സൃഷ്ടിക്കുന്ന കാര്യമാണിതെന്ന് അന്വേഷണ സംഘത്തിലെ ചിലര്‍ സൂചിപ്പിച്ചു.

More Citizen News - Ernakulam