വീടിനു മുന്നില്‍ വൈദ്യുതിക്കമ്പി ചുറ്റി അപായപ്പെടുത്താന്‍ ശ്രമം
Posted on: 05 Sep 2015
പെരുമ്പാവൂര്‍: വീടിന്റെ വാതിലിനു മുന്നില്‍ വൈദ്യുതിക്കമ്പികള്‍ ചുറ്റി കുടുംബാംഗങ്ങളെ അപായപ്പെടുത്താന്‍ ശ്രമം. വാഴക്കുളം പഞ്ചായത്തിലെ പോഞ്ഞാശ്ശേരി ചെമ്പാരത്തുകുന്ന് മലേക്കുടി എം.ഇ. അഷ്റഫിന്റെ വീട്ടിലാണ് സംഭവം. വൈദ്യുതാഘാതമേല്‍പ്പിച്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പോലീസ് കേസെടുത്തു.
വെള്ളിയാഴ്ച പുലര്‍ച്ച അഷ്റഫ് വീടിന്റെ മുന്‍വാതില്‍ തുറക്കാന്‍ ശ്രമിക്കുമ്പോഴാണ് സിറ്റൗട്ടില്‍ വാതിലിനു മുന്നിലായി കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന കെട്ടുകമ്പി ചുറ്റിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തറയില്‍ മുളകുപൊടി വിതറിയിരുന്നു. വിശദമായി പരിശോധിച്ചപ്പോള്‍ റോഡിലെ വൈദ്യുതിക്കന്പിയില് നിന്ന് കെട്ടുകന്പിയിലേക്ക് വൈദ്യുതി പ്രവഹപ്പിച്ചിരുന്നതായും കണ്ടെത്തി.
പെരുമ്പാവൂര്‍ ഡിവൈ.എസ്.പി.യുെട നേതൃത്വത്തില്‍ പോലീസും വിരലടയാള വിദഗ്ധരും പോലീസ് നായയും എത്തി പരിശോധന നടത്തി. പോലീസ് നായ മണംപിടിക്കാതിരിക്കാനാണ് തറയില്‍ മുളകുെപാടി വിതറിയിരുന്നതെന്ന് കരുതുന്നു. ചെമ്പാരത്തുകുന്ന് മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറിയാണ് അഷ്റഫ്. സമീപമുള്ള നോര്‍ത്ത് പോഞ്ഞാശ്ശേരി എല്‍.പി. സ്കൂളിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. അടുത്തിടെ സ്കൂളിന്റെ അവകാശം പള്ളി കമ്മിറ്റിക്ക് കൈമാറിയിരുന്നു.
രണ്ട് വര്‍ഷം മുന്‍പ് സ്കൂളില്‍ സ്ഫോടനം നടന്നതിനെക്കുറിച്ച് കേസ് നിലവിലുണ്ട്. ഈ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രൂപവത്കരിച്ച കര്‍മ്മ സമിതി ഭാരവാഹിയാണ് അഷ്റഫ്. പ്രതികളെ ഇതുവരെ പിടിച്ചിട്ടില്ല. ഈ സംഭവങ്ങളുടെ തുടര്‍ച്ചയാണ് വെള്ളിയാഴ്ചയുണ്ടായതെന്നാണ് പോലീസ് നിഗമനം.