ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ഫെറിയില്‍ സര്‍വീസിന് ''ബാര്‍ജ്'' എത്തി

Posted on: 05 Sep 20159 ന് സര്‍വീസ് തുടങ്ങുമെന്ന് മേയര്‍


ഫോര്‍ട്ടുകൊച്ചി:
ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ഫെറിയില്‍ സര്‍വീസ് പുനരാരംഭിക്കുന്നതിന് ആലപ്പുഴയിലെ കൈനകരിയില്‍നിന്ന് 'ജലയാനം' എത്തി.
ബാര്‍ജ് രൂപത്തിലുള്ള ജലയാനമാണ് കൊണ്ടുവന്നിട്ടുള്ളത്. ഇതില്‍ യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സംവിധാനങ്ങളും മേല്‍ക്കൂരയും സുരക്ഷാസംവിധാനങ്ങളും ഒരുക്കുമെന്ന് മേയര്‍ ടോണി ചമ്മണി പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ ബാര്‍ജ് വൈപ്പിനില്‍നിന്ന് ഫോര്‍ട്ടുകൊച്ചിയിലേക്ക് ട്രയല്‍ റണ്‍ നടത്തി. ഓപ്പണ്‍ ബാര്‍ജാണിത്. യാത്രാബോട്ടായും ജങ്കാറായും ഉപയോഗിക്കാം. അതേസമയം, ഫോര്‍ട്ടുകൊച്ചി ഫെറിയില്‍ ബോട്ടിന് പകരമായി ജനങ്ങള്‍ക്ക് യാത്രചെയ്യാനുള്ളവിധത്തില്‍ ഈ ബാര്‍ജില്‍ ക്രമീകരണങ്ങളുണ്ടാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
മേയര്‍ ടോണി ചമ്മണി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷറഫ്, കുസാറ്റിലെ ഷിപ്പ് ബില്‍ഡിങ്വിഭാഗം മേധാവി പ്രൊഫ. പ്യാരിലാല്‍, നഗരസഭാ സെക്രട്ടറി വി.ആര്‍. രാജു തുടങ്ങിയവര്‍ വൈപ്പിനില്‍നിന്നുള്ള പരീക്ഷണ ഓട്ടത്തില്‍ ബാര്‍ജിലുണ്ടായിരുന്നു. അഞ്ച്മിനിറ്റില്‍ താഴെയാണ് യാത്രാസമയമെടുക്കുന്നത്.
ജലയാനം തുറമുഖവകുപ്പും തുറമുഖ ട്രസ്റ്റ് അധികൃതരും വിശദമായി പരിശോധിച്ചു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചതിനുശേഷമാകും സര്‍വീസ് തുടങ്ങുക. നൂറുപേര്‍ക്ക് യാത്രചെയ്യാനുള്ള സൗകര്യമുണ്ടാകും. സ്റ്റീല്‍നിര്‍മിത യാനമാണിത്. രണ്ടുദിവസത്തിനകം ഇതില്‍ കൈവരികളും മേല്‍ക്കൂരയും നിര്‍മിക്കും. ബുധനാഴ്ച സര്‍വീസ് പുനരാരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി മേയര്‍ പറഞ്ഞു.
ആദ്യകാഴ്ചയില്‍ പുതിയ ബാര്‍ജിന് കുഴപ്പങ്ങളൊന്നും കാണുന്നില്ലെന്ന്‌ േഗാശ്രീ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. മജ്‌നു േകാമത്ത് പറഞ്ഞു. ബാര്‍ജില്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, നിയമപരമായ പരിശോധനകള്‍ നടത്താതെ സര്‍വീസ് ആരംഭിക്കരുതെന്ന് ഫോര്‍ട്ടുകൊച്ചി വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ആന്റണി കുരീത്തറ ആവശ്യപ്പെട്ടു. എംഎംഡി ലൈസന്‍സുള്ള ജീവനക്കാരെ ബാര്‍ജില്‍ ജോലിക്ക് നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

More Citizen News - Ernakulam