വിവാഹം നടക്കുംമുമ്പുള്ള രജിസ്‌ട്രേഷന്‍ തടയാന്‍ ശ്രദ്ധിക്കണം - ഹൈക്കോടതി

Posted on: 05 Sep 2015കൊച്ചി: വിവാഹം നടക്കുംമുമ്പ് അത് നടന്നെന്ന് പറഞ്ഞ് രജിസ്‌ട്രേഷന്‍ നടത്തുന്നത് തടയാന്‍ അധികൃതര്‍ ശ്രദ്ധ വെയ്ക്കണമെന്ന് ഹൈക്കോടതി. വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കുംമുന്‍പ് ഏതെല്ലാം രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് വിവാഹ രജിസ്‌ട്രേഷന്‍ ചട്ടത്തില്‍ പറയുന്നുണ്ടെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റിസ് സുനില്‍ തോമസും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
വിവാഹനിശ്ചയം നടത്തിയ ഉടന്‍ വിവാഹം രജിസ്റ്റര്‍ ചെയ്തശേഷം വിവാഹിതരാകേണ്ടെന്ന് തീരുമാനിച്ചെന്ന് പറഞ്ഞ് അത് റദ്ദാക്കാനാവില്ലെന്ന സിംഗിള്‍ ബെ!ഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയും ചെയ്തു. വിവാഹം നടക്കുംമുമ്പ് നടന്നെന്ന് എഴുതി നല്‍കി രജിസ്‌ട്രേഷന്‍ നടത്തുന്നത് ഭരണഘടനാ സംവിധാനത്തെ ദുരുപയോഗം ചെയ്യലാണ്. അത് അംഗീകരിക്കാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ഓര്‍മിപ്പിച്ചു.
കൊട്ടാരക്കര സ്വദേശിയായ രാജേഷ് രാജന്‍ സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് ഉത്തരവ്. രാജേഷും തൃശ്ശൂര്‍ സ്വദേശിനിയായ യുവതിയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ ഉടനെ വിവാഹം രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് അവര്‍ വിവാഹിതരാകേണ്ടെന്ന് തീരുമാനമായെന്നാണ് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചത്.
ജര്‍മനിയില്‍ എന്‍ജിനീയറായ ഹര്‍ജിക്കാരന്‍ വധുവിന് വിവാഹം കഴിയുമ്പോഴേക്ക് വിദേശത്ത് പോകാന്‍ വിസ ലഭിക്കാന്‍ വേണ്ടിയാണ് കാലേകൂട്ടി രജിസ്‌ട്രേഷന്‍ നടത്തിയതെന്ന് ബോധിപ്പിച്ചു. വിവാഹം നടക്കാത്തതിനാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഹര്‍ജിയിലും അപ്പീലിലും ഈ ആവശ്യം നിരസിക്കപ്പെട്ടു.
ഭരണഘടന അനുസരിച്ചുള്ള സ്ഥാപനം മുമ്പാകെ വിവാഹം നടക്കാതെ നടന്നെന്ന വ്യാജസത്യവാങ്മൂലം നല്‍കുന്നത് സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് കോടതി ഓര്‍മിപ്പിച്ചു. അതിനാല്‍ അക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
മൂല്യച്യുതിയുടെ കാലഘട്ടത്തിലാണ് ഇത്തരം തെറ്റായ പ്രവൃത്തികള്‍ സമൂഹത്തില്‍ ഉണ്ടാകുന്നത്. സമ്പത്തില്ലാതായാല്‍ ഒന്നും നഷ്ടമാകുന്നില്ല, ആരോഗ്യമില്ലാതാകുന്നത് ലഘുവായ നഷ്ടമാണ്, ധാര്‍മികത കൈമോശം വന്നാല്‍ എല്ലാം നഷ്ടമായി എന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളതെന്ന് ഡിവിഷന്‍ ബെഞ്ച് ഓര്‍മിപ്പിച്ചു.

More Citizen News - Ernakulam