തോട്ടയ്ക്കാട്ടുകരയില്‍ മീഡിയനുകളില്‍ റിഫ്ലക്ടര്‍ സ്ഥാപിക്കും

Posted on: 05 Sep 2015ദേശീയ പാത അധികൃതര്‍ സന്ദര്‍ശനം നടത്തി


ആലുവ:
സേലം കന്യാകുമാരി ദേശീയപാത 47 ലെ അപകടമേഖലയായ ആലുവ തോട്ടയ്ക്കാട്ടുകര പറവൂര്‍ കവല മേഖലയില്‍ റിഫ്ലക്ടര്‍ ഉടന്‍ സ്ഥാപിക്കും. അപകട മേഖല സന്ദര്‍ശിക്കാനെത്തിയ ദേശീയ പാത ഉദ്യോഗസ്ഥരാണ് റിഫ്ലക്ടര്‍ ഉടന്‍ സ്ഥാപിക്കാമെന്ന് ഉറപ്പ് നല്‍കിയത്.
റോഡില്‍ വളവുള്ളതിനാല്‍ വേഗത്തിലെത്തുന്ന വാഹനങ്ങള്‍ മീഡിയനില്‍ ഇടിച്ച് മറിയുന്നത് പതിവായിരുന്നു. റോഡിന് നടുവിലെ മീഡിയന്‍ കൂടാതെ നിര്‍മാണം പൂര്‍ത്തിയാക്കാത്ത സര്‍വീസ് റോഡിനെ വേര്‍തിരിച്ചും മീഡിയന്‍ നിര്‍മിച്ചിട്ടുണ്ട്.
റോഡിന്റെ എല്ലാ വശത്തും മീഡിയനുകള്‍ ഉണ്ടെങ്കിലും രാത്രിയായാല്‍ അവ തിരിച്ചറിയാന്‍ കഴിയാറില്ല. ഇതോടെ കുതിച്ചെത്തുന്ന വാഹനങ്ങള്‍ ഇതില്‍ ഇടിച്ച് മറിയുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം വ്യത്യസ്തമായ അപകടങ്ങളില്‍ മീഡിയനില്‍ ബൈക്കിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചിരുന്നു. ഇതോടെയാണ് മീഡിയനുകളില്‍ റിഫ്ലക്ടര്‍ വേണമെന്ന ആവശ്യം ഉയര്‍ന്നത്.
പഴയ ദേശീയപാതയുടെ ഭാഗമായ മീഡിയനും തോട്ടയ്ക്കാട്ടുകര - പറവൂര്‍ കവല മേഖലയില്‍ അപകട കെണിയൊരുക്കുന്നുണ്ട്. പഴയ ദേശീയ പാതയുടെ പൊളിച്ചു നീക്കാന്‍ കഴിയാത്ത ഒരു ഭാഗം സര്‍വീസ് റോഡ് പോലെ ഇപ്പോള്‍ ഉപയോഗിച്ചു വരികയാണ്. ഇതിനെ വേര്‍തിരിക്കുന്ന മീഡിയനാണ് അപകട ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. അവ പൊളിച്ചു നീക്കി അപകടാവസ്ഥ ഇല്ലാതാക്കണമെന്ന് സന്ദര്‍ശനത്തിനെത്തിയ ദേശീയ പാത അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ പാത നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമി ഇപ്പോഴും േൈകയറി ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനമായി. സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗം സി.വി. ജെയിംസിന്റെ നേതൃത്വത്തിലാണ് തോട്ടയ്ക്കാട്ടുകര പറവൂര്‍ കവല മേഖലയെ അപകട ഭീതി ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്. ദേശീയ പാത അധികൃതര്‍ എത്തിയപ്പോള്‍, സി.പി.എം. നേതാക്കളും ഒപ്പമുണ്ടായിരുന്നു. ദേശീയപാത അറ്റകുറ്റപ്പണി വിഭാഗം സൂരജ്, സജി, രാജഗോപാല്‍ എന്നിവരാണ് പരിശോധനയ്ക്ക് എത്തിയത്.
അതേ സമയം ദേശീയ പാതയില്‍ വഴി വിളക്ക് തെളിയിക്കണമെന്ന ആവശ്യം പ്രദേശവാസികള്‍ ഉന്നയിച്ചെങ്കിലും, അത്തരം പ്രവര്‍ത്തനങ്ങള്‍ നഗരസഭയുടെ ജോലിയാണെന്ന് ദേശീയ പാത അധികൃതര്‍ അറിയിച്ചു.

More Citizen News - Ernakulam