ആയിരങ്ങള്‍ക്ക് ആശ്വാസമായി സാന്ത്വനം-2015
Posted on: 05 Sep 2015
കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തിയ സാന്ത്വനം- 2015 ആയിരങ്ങള്‍ക്ക് സാന്ത്വനമായി. ആയിരത്തി ഇരുന്നൂറു പേരാണ് പരിപാടിയിലേക്ക് രജിസ്റ്റര്‍ ചെയ്തത്. ഓരോ വകുപ്പിനും ചുമതലയേല്‍പ്പിച്ച എട്ട് കൗണ്ടറുകളാണ് ബ്ലോക്ക് പഞ്ചായത്തില്‍ തുറന്നിരുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ടത് മെഡിക്കല്‍ വിഭാഗത്തിലായിരുന്നു. 280 പേരാണ് ഈ കൗണ്ടറില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് എത്തിയത്. ഇതില്‍ 40 ശതമാനം പേരും അംഗവൈകല്യ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പുതുക്കുന്നതിനെത്തിയവരായിരുന്നു. ക്യാമ്പില്‍ െവച്ച് മെഡിക്കല്‍ ബോര്‍ഡ് കൂടി അര്‍ഹരായവര്‍ക്ക് വികലാംഗ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ കാര്‍ഡുകളും വിതരണം ചെയ്തു. കൂടാതെ ചികിത്സാ സഹായ അപേക്ഷകളുമായി ധാരാളം പേര് എത്തിയിരുന്നു. കാന്‍സര്‍, ഡയാലിസിസ് രോഗികള്‍ നല്കിയ അപേക്ഷയനുസരിച്ച് 176 പേര്‍ക്ക് എ.പി.എല്‍. കാര്‍ഡുകള്‍ ബി.പി.എല്‍ കാര്‍ഡുകളാക്കി നല്കി. ചികിത്സാ സഹായത്തിന് അപേക്ഷ നല്‍കിയവര്‍ക്ക് മുഖ്യമന്ത്രിയുടെ ധനസഹായത്തിന് പരിഗണിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് അപേക്ഷകള്‍ കൈമാറി. 153 പേരാണ് കാരുണ്യ ധനനിലന് ഫണ്ടിലേക്ക് അപേക്ഷ നല്കുവാന് എത്തിയിരുന്നത്. പെന്ഷന്, പട്ടയം, വിവിധ തര്‍ക്കങ്ങള്‍ സംബന്ധിച്ച പരാതികള്‍ അതത് വകുപ്പ് മേധാവികള്‍ക്ക് കൈമാറി. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കുമെന്നാണ് രശീതികളില്‍ ഉറപ്പ് നല്‍കിയിട്ടുള്ളത്. പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍, കുടുംബത്തിലെ ആശ്രിതര്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ എന്നീ അപേക്ഷകളും സ്വീകരിച്ചു. രാവിലെ 8.30 ഓടെ കൗണ്ടറുകള്‍ സജീവമായെങ്കിലും ഗുണഭോക്താക്കള്‍ മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടി വന്നു. വൃദ്ധരും രോഗികളുമായവര്‍ ബന്ധുക്കളോടൊപ്പമാണെത്തിയത്. ഡയാലിസിസ്- കാന്‍സര്‍ രോഗികള്‍, ശാരീരിക- മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ പ്രാഥമിക സൗകര്യങ്ങള്‍ ലഭിക്കാതെ കഷ്ടപ്പെട്ടു. ഇവരുടെ ബന്ധുക്കള്‍ വെയിലത്ത് ക്യുവില്‍ മണിക്കൂറുകള്‍ നില്‍ക്കേണ്ടി വന്നതായും പരാതിയുണ്ട്. രാവിലെ വി.പി. സജീന്ദ്രന് എം.എല്‍.എ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി.കെ. അയ്യപ്പന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസ്സി അലക്സ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രമ സാജു, എം.എസ്. രാജി, ഷൈല നൗഷാദ്, കെ.കെ. സോമന്, നിബു കെ. കുര്യാക്കോസ്, സിന്തൈറ്റ് എം.ഡി സി.വി. ജേക്കബ്, എന്നിവര്‍ പ്രസംഗിച്ചു. വൈകീട്ട് ആറുമണിയോടെയാണ് ക്യാമ്പ് അവസാനിച്ചത്.
സാന്ത്വനം ക്യാമ്പിനെത്തിയ കളക്ടര്‍ക്ക് സന്തോഷത്തിന്റെ ഇരട്ടി മധുരം....
കോലഞ്ചേരി : സമയം തെറ്റിക്കാതെ പിറന്നാള്‍ നാളില്‍ കളക്ടര്‍ അശരണര്‍ക്ക് സാന്ത്വനം നല്കുവാന് കോലഞ്ചേരിയിലെത്തി. വടവുകോട് ബ്ലോക്ക് പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച സാന്ത്വനം 2015 ല്‍ പങ്കെടുക്കാന്‍ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം രാവിലെ 10 മണിക്കു തന്നെ എത്തിയത് ഇരട്ടി മധുരവുമായാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടാമത്തെ കുട്ടി ജനിച്ചതും അന്നേദിവസം തന്നെ അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷവും നടത്തിയതാണ് ഇരട്ടി മധുരമായി മാറിയത്. സാന്ത്വനം ക്യാമ്പിനിടയില്‍ തന്നെ വി.പി.സജീന്ദ്രന് എം.എല്‍.എ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അയ്യപ്പന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ പിറന്നാള്‍ കേക്കു മുറിച്ച് പിറന്നാള്‍ ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും,കളക്ടര്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു..