ഇന്ന് അഷ്ടമിരോഹിണി; നഗരം അമ്പാടിയാകും

Posted on: 05 Sep 2015പെരുമ്പാവൂര്‍: ശ്രീകൃഷ്ണജയന്തിയാഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച വൈകിട്ട് നാടാകെ ശോഭായാത്രകള്‍ നടക്കും. പെരുമ്പാവൂര്‍, ഇരിങ്ങോള്‍, ആല്‍പ്പാറ, പാലക്കാട്ടുതാഴം, മുടിക്കല്‍, കാഞ്ഞിരക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ വൈകിട്ട് നാലുമണിയോടെ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ സംഗമിച്ച് മഹാശോഭായാത്രയായി നഗരം ചുറ്റി ഏഴുമണിയോടെ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ സമാപിക്കും.
വളയന്‍ചിറങ്ങര കുന്നത്തുശ്ശേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ രാവിലെ ഗണപതിഹോമം, അഖണ്ഡനാമജപം, വൈകിട്ട് വിശേഷാല്‍ ദീപാരാധന, 8ന് കഥാപ്രസംഗം (ഞാന്‍ ഭീമപുത്രന്‍), 10ന് ഉറിയടി എന്നിവയുണ്ടാകും. മേതല കല്ലില്‍ ഗുഹാക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി വെള്ളിയാഴ്ച ഗോപൂജ നടന്നു. ഉത്തര്‍പ്രദേശ് എം.പി. ശരത് ത്രിപാഠി, പി.എം.വേലായുധന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രവികസനത്തിനുള്ള ധനസഹായം എം.പി. വാഗ്ദാനം ചെയ്തതായി സെക്രട്ടറി പ്രകാശ് അറിയിച്ചു. ചടങ്ങുകള്‍ക്ക് മേല്‍ശാന്തി വാസുദേവന്‍ പോറ്റി കാര്‍മ്മികത്വം വഹിച്ചു.
അശമന്നൂര്‍ നൂലേലി ക്ഷേത്രം, കലയാംകുടി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ കോട്ടേക്കാവില്‍ സംഗമിച്ച് നൂലേലിയില്‍ സമാപിക്കും. അശമന്നൂര്‍, ഓടയ്ക്കാലി, നന്പ്യാര്‍ചിറങ്ങര, പുന്നയം, ചെറുകുന്നം, രാമപുരം എന്നിവിടങ്ങളിലും ശോഭായാത്രകള്‍ നടക്കും. അരുവപ്പാറ എസ്.എന്‍.ഡി.പി. ശാഖാ പരിസരത്ത് നിന്ന് ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ശോഭായാത്ര കുറ്റിക്കുഴിയില്‍ സമാപിക്കും.

More Citizen News - Ernakulam