മറൈന്‍ഡ്രൈവ് വ്യാപാര സമുച്ചയം സൗരോര്‍ജത്തിലേക്ക്‌

Posted on: 05 Sep 2015സ്വിസ് സംരംഭം ജി.സി.ഡി.എ. സഹകരണത്തോടെ


കൊച്ചി:
നിലവിലുള്ള സൗരോര്‍ജ പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി പാനലുകളില്‍ നിന്ന് 90 ശതമാനം വരെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംവിധാനവുമായി സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ പി.വി.ടി. പവര്‍ കമ്പനി കൊച്ചിയില്‍. രാജ്യത്ത് ആദ്യമായി യു.എന്‍. പാരമ്പര്യേതര ഊര്‍ജ ഏജന്‍സിയുടെ സഹകരണത്തോടെ ജി.സി.ഡി.എ. യുടെ മറൈന്‍ഡ്രൈവ് ഷോപ്പിങ് കോംപ്ലക്‌സും ഡോ. എ.പി.ജെ. അബ്ദുള്‍ കലാം മാര്‍ഗും പൂര്‍ണമായും സോളാര്‍ വൈദ്യുതിക്ക് കീഴിലാക്കുകയാണ് ലക്ഷ്യം. കമ്പനിയുടെ പൈലറ്റ് പദ്ധതിയെന്ന നിലയില്‍ അടുത്ത ഫിബ്രവരിക്കകം 50 കിലോവാട്ട് ശേഷിയുള്ള പാനലാണ് സ്ഥാപിക്കുക. രാജ്യത്താദ്യമായി പദ്ധതി കൊച്ചിയിലാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പി.വി.ടി. കമ്പനി അധികൃതര്‍ ഇന്നലെ ജി.സി.ഡി.എ.യും മറൈന്‍ഡ്രൈവിലെ അബ്ദുള്‍കലാം മാര്‍ഗും സന്ദര്‍ശിച്ചു.
മറൈന്‍ഡ്രൈവ് ഷോപ്പിങ് കോംപ്ലക്‌സും കലാം മാര്‍ഗും മൈതാനവും പൂര്‍ണമായും സൗരോര്‍ജത്തിലേക്ക് മാറ്റുകയാണ് പദ്ധതിയുടെ ആദ്യഘട്ടം. പദ്ധതി വിജയമെന്ന് തെളിഞ്ഞാല്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ഉള്‍പ്പെടെയുള്ള ജി.സി.ഡി.എ. യുടെ പ്രധാന പദ്ധതി പ്രദേശങ്ങളിലേക്കും പി.വി.ടി. പദ്ധതി വ്യാപിപ്പിക്കുമെന്ന് ജി.സി.ഡി.എ. ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ പറഞ്ഞു. മറൈന്‍ഡ്രൈവിലെ പദ്ധതി അടുത്ത ഫിബ്രവരിക്കകം കമ്മീഷന്‍ ചെയ്യുമെന്ന് പി.വി.ടി. പവര്‍ കമ്പനി അധികാരി ദിമിത്രിയോ ലിയോണും വ്യക്തമാക്കി.
ഇന്ന് ലോകത്തെവിടെയുമുള്ള സൗരോര്‍ജ പാനലുകളില്‍ നിന്ന് 30 ശതമാനം മാത്രം വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. ഊര്‍ജോത്പാദനത്തിനിടയിലുണ്ടാകുന്ന ചൂട് പാനലിന്റെ ശേഷി കുറയ്ക്കുകയും ചെയ്യുന്നത് മൂലമാണ് വൈദ്യുതോത്പാദനം കുറയുന്നത്. വര്‍ധിച്ചുവരുന്ന ചൂടിനെ പരിവര്‍ത്തനം ചെയ്ത് വൈദ്യുതിയാക്കുന്ന സാങ്കേതികതയാണ് പി.വി.ടി. പാനലുകളുടെ സവിശേഷത. പേറ്റന്റ് ഉത്പന്നമായ ഇതിന്റെ ഒരു യൂണിറ്റ് മാത്രം 50 കിലോ വാട്ട് വൈദ്യുതി പ്രതിദിനം ഉത്പാദിപ്പിക്കും. നിലവില്‍ ജി.സി.ഡി.എ. വ്യാപാര സമുച്ചയത്തില്‍ പ്രതിദിനം 600 യൂണിറ്റ് വൈദ്യുതിയാണ് ഉപഭോഗം.
ചൂടില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ചക്രവാത ജനറേറ്റര്‍ സൗരോര്‍ജ ഉത്പാദനത്തില്‍ 20 ശതമാനം അധികം നല്‍കുന്നതാണ്. ഊര്‍ജ സംരക്ഷണത്തിനായി പ്രത്യേക നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തും. 30 വര്‍ഷത്തെ സര്‍വീസ് കരാറോടെയാണ് പദ്ധതി നടപ്പാക്കുക.
സ്വിസ് സംഘത്തെ ചെയര്‍മാന്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ദിമിത്രിയോ ലിയോണ്‍, പാട്രിക് ലിയോണ്‍, ആഡ്രിയാന്‍ ലൂക്കാസ് എന്നിവര്‍ക്ക് പുറമെ സ്വിസ് കമ്പനിയുടെ ഭാഗമായ ജോര്‍ജ് സെബാസ്റ്റ്യന്‍, കെ. സെബാസ്റ്റ്യന്‍, വിനു ജോസ് എന്നിവരും ജി.സി.ഡി.എ. സെക്രട്ടറി ആര്‍. ലാലു, എസ്.ടി.പി. ഗോപാലകൃഷ്ണ പിള്ള, തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

More Citizen News - Ernakulam