ആദ്യ എയ്റോബിക്ക് ബിന്നുകള്‍ സ്ഥാപിച്ചു
Posted on: 04 Sep 2015
ഏലൂരിലെ മാലിന്യ സംസ്കരണം
73
ഏലൂര്‍: ഏലൂര്‍ നഗരസഭയിലെ മാലിന്യ നിര്‍മാര്‍ജനത്തിനും സംസ്കരണത്തിനുമുള്ള പദ്ധതിയുടെ ആദ്യഘട്ട ജോലികള്‍ തുടങ്ങി. എയ്റോബിക്ക് ബിന്‍ കമ്പോസ്റ്റിങ് പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതനുസരിച്ച് മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിന് ബിന്നുകള്‍ സ്ഥാപിക്കണം. നഗരസഭയിലെ ആറ് സ്ഥലങ്ങളില്‍ ഇത്തരം ബിന്നുകള്‍ സ്ഥാപിക്കും. ഓരോ സ്ഥലത്തും ആറ് ബിന്നുകള്വീതമാണ് വയ്ക്കുന്നത്.
ഇതില്‍ പാതാളത്തെ ആറ് ബിന്നുകള്‍ സ്ഥാപിച്ചു. പുതിയ റോഡിനുസമീപം ബിന്നുകള്‍ സ്ഥാപിക്കുന്ന ജോലി തുടങ്ങി. ഇതിനുശേഷം ഫാക്ട് മാര്‍ക്കറ്റ്, മഞ്ഞുമ്മല്‍ ആറാട്ടുകടവ് റോഡ്, ഏലൂര്‍ ഫെറി, എച്ച്ഐഎല്ലിന്റെ തെക്കുവശത്തുള്ള റോഡ് എന്നിവിടങ്ങളില്‍ ബിന്നുകള്‍ സ്ഥാപിക്കും. ബിന്നുകള്‍ സ്ഥാപിച്ചശേഷം കമ്പിവലകള്കെട്ടി സൂക്ഷിക്കും. മാലിന്യം നിക്ഷേപിക്കുന്നതിന് ദിവസേന രണ്ടോ മൂന്നോ മണിക്കൂര്‍മാത്രം തുറക്കും. ഇതിനായി പ്രത്യേകം ജോലിക്കാരെ നിയമിക്കും.
മാലിന്യം ശേഖരിക്കുന്നതിന് വീടുകളില്‍ രണ്ട് ബക്കറ്റുകള്വീതം നല്‍കും. അഴുകുന്ന മാലിന്യം ഒരു ബക്കറ്റിലും അഴുകാത്ത മാലിന്യവും പ്ലാസ്റ്റിക്കുമൊക്കെ മറ്റൊരു ബക്കറ്റിലും നിക്ഷേപിക്കണം. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം നഗരസഭാ ജീവനക്കാരെത്തി ബിന്നുകളില്‍ നിക്ഷേപിക്കുന്നതിനായി കൊണ്ടുപോകും. വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നതിന് നഗരസഭ ഫീസ് ഈടാക്കും.
വീടുകളില്‍ നിന്നും മറ്റും ശേഖരിക്കുന്ന മാലിന്യം എയ്റോബിക്ക് ബിന്നില്‍ നിക്ഷേപിച്ച്, കേരള കാര്‍ഷിക സര്‍വകലാശാലയുടെ സാങ്കേതിക സഹായത്തോടെ സംസ്കരിച്ച് വളമാക്കും. ഈ വളം ആവശ്യക്കാര്‍ക്ക് വില്ക്കുകയോ കാര്‍ഷിക സര്‍വകലാശാലയ്ക്ക് കൈമാറുകയോ ചെയ്യുമെന്ന് നഗരസഭാ ചെയര്മാന് പി.എം. അയൂബ് പറഞ്ഞു.