സെസ്സിലെ കൈയുറ കമ്പനി ബോയിലറില്‍ വന്‍ തീപ്പിടിത്തം

Posted on: 04 Sep 2015


50
കാക്കനാട്: കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലെ (സെസ്) ബോയിലറില്‍ വന്‍ തീപ്പിടിത്തം. ആളപായമില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തൃക്കാക്കര ഫയര്‍ഫോഴ്‌സ് തീയണച്ചു.
വ്യവസായ മേഖലയിലെ ബീറ്റാ ഹെല്‍ത്ത് കെയര്‍ പ്രോഡക്ട് കമ്പനിയിലെ വിറകുകൊണ്ട് കത്തിച്ച് ചൂടാക്കുന്ന തെര്‍മിക് ഫല്‍വിഡ് ഹീറ്ററിലേക്കുള്ള ഓയില്‍ നിറച്ച പൈപ്പിലാണ് തീപിടിച്ചത്. എളുപ്പം കത്തുപിടിക്കാവുന്ന തെര്‍മിനോള്‍ 55 ഓയില്‍ നിറച്ചിരുന്ന പൈപ്പിലെ ഇന്‍സ്റ്റലേഷനിലാണ് തീയുണ്ടായതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. തീ തക്കസമത്ത് കണ്ടെത്തി പടരാനുള്ള സാധ്യത തടഞ്ഞതോടെ നൂറില്‍പ്പരം തൊഴിലാളികള്‍ ജോലിയെടുക്കുന്ന സ്ഥാപനത്തിലെ വന്‍ ദുരന്തമാണ് തടയാനായത്.
ബോയിലറില്‍ നിന്ന് പ്ലാന്റിലേക്ക് പോകുന്ന ഹീറ്റ് എയറിലാണ് കമ്പനിയില്‍ നിര്‍മിക്കുന്ന സര്‍ജിക്കല്‍ കൈയുറകള്‍ ഉണക്കിയെടുക്കുന്നത്. ഫയര്‍ഫോഴ്‌സ് രണ്ട് മണിക്കൂറോളം ബോയിലറിലേക്ക് 20 ടണ്‍ ഫോം ചീറ്റിച്ചാണ് അപകടാവസ്ഥ ഒഴിവാക്കിയത്. ബോയിലറിന്റെ ഏറ്റവും മുകളില്‍ തീ കണ്ടതിനെ തുടര്‍ന്ന് കമ്പനി അധികൃതര്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. പൈപ്പില്‍ തെര്‍മിനോള്‍ ഓയില്‍ കുറഞ്ഞ് മര്‍ദം കൂടിയതാണ് തീ പിടിക്കാന്‍ കാരണമായതെന്ന് സംശയിക്കുന്നു. എട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ജില്ലാ ഫയര്‍ ഓഫീസര്‍ വി. സിദ്ധകുമാറിന്റെ നേതൃത്വത്തില്‍ തൃക്കാക്കര സ്റ്റേഷന്‍ ഓഫീസര്‍ എ. ഉണ്ണികൃഷ്ണന്‍, ലീഡിങ് ഫയര്‍മാന്‍ എം.സി. ബേബി, ഫയര്‍മാന്‍ കെ.എസ്. സുജീന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് തീയണച്ചത്.

More Citizen News - Ernakulam