സംഗീത പഠനത്തോടൊപ്പം സാമൂഹ്യ സേവനവുമായി എല്‍.പി. വിദ്യാര്‍ത്ഥികള്‍
Posted on: 04 Sep 2015
തൃപ്പൂണിത്തുറ: സംഗീത പഠനത്തോടൊപ്പം സാമൂഹ്യ സേവനവുമായി ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തിലെ നാല് സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. കുട്ടികള്‍ക്കൊപ്പം അവരുടെ രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്നുള്ള 'മാസ്' പദ്ധതിക്ക് തുടക്കമായി. തന്റെ ഹിറ്റ്പാട്ടുകള്‍ പടിക്കൊണ്ട് പിന്നണിഗായിക വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം നിര്‍വഹിച്ചു. ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിലായിരുന്നു വ്യത്യസ്തമായ ചടങ്ങ്. ജെബിഎസ് നടക്കാവ്, ജെബിഎസ് പൂത്തോട്ട, വിജെബിഎസ് വലിയകുളം, ജെബിഎസ് കണ്ടനാട് എന്നീ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സ്വാഗതഗാനം പാടി. സംഗീതാധ്യാപകന് കെ.എം. ശരവണദാസിന്റെ നേതൃത്വത്തിലാണ് മ്യൂസിക് ആന്‍ഡ് സോഷ്യല്‍ സര്‍വീസ് 'മാസ്' പദ്ധതി തുടങ്ങിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാസലിം അധ്യക്ഷത വഹിച്ചു. സാമൂഹ്യ സേവനരംഗത്ത് മാസ് വിദ്യാര്‍ത്ഥിക്കൂട്ടത്തിന്റെ പ്രഥമ കാല്‍വെപ്പായ വേപ്പ്ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പ്രകൃതി കൃഷി പ്രചാരകന് കെ.എം. ഹിലാല്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് കറിവേപ്പിന്തൈയും മഞ്ഞള്‍ തൈയും നല്കി. മാര്‍ക്കറ്റില്‍ കിട്ടുന്ന കറിവേപ്പില് വിഷം കൂടുതലായി സ്പ്രേ ചെയ്യുന്നുവെന്ന കണ്ടെത്തലാണ് വിഷാംശമില്ലാതെ വേപ്പിന്ഗ്രാമം പദ്ധതി നടപ്പാക്കാനുള്ള തീരുമാനമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇ.ജി. ബാബു, പി.കെ. രഞ്ജന്‍, ബിനുരാജ് കലാപീഠം, ദേവയാനി , കെ.എം. ശരവണദാസ്, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ലേഖ എന്നിവര്‍ പ്രസംഗിച്ചു. 94 ഉദയംപേരൂരില്‍ 'മാസി'ന്റെ ഉദ്ഘാടനം പിന്നണിഗായിക വൈക്കം വിജയലക്ഷ്മി നിര്‍വഹിക്കുന്നു