'കാന്‍സര്‍ വിമുക്ത വൈപ്പിന്‍' പദ്ധതിക്ക് ശനിയാഴ്ച തുടക്കം

Posted on: 04 Sep 2015വൈപ്പിന്‍ : 'കാന്‍സര്‍ വിമുക്ത വൈപ്പിന്‍' എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന കെയര്‍ പദ്ധതിക്ക് ശനിയാഴ്ച തുടക്കം കുറിക്കും. എസ്. ശര്‍മ എംഎല്‍എ മുന്‍കൈയെടുത്ത് അമൃത ആശുപത്രി, ആരോഗ്യവകുപ്പ്, ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്നതാണ് പദ്ധതി. ശനിയാഴ്ച രാവിലെ 9.30ന് പെരുമ്പിള്ളി അമൃത ഹെല്‍ത്ത് സെന്ററില്‍ ജസ്റ്റിസ് അനു ശിവരാമന്‍ പദ്ധതി ഓഫീസ് ഉദ്ഘാടനം ചെയ്യും. കാന്‍സര്‍ രോഗത്തിനുള്ള സാധ്യത ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ഇതിനാവശ്യമായ ബോധവത്കരണം പദ്ധതിയുടെ ഭാഗമായി നടത്തും. രോഗബാധിതരെ ഇന്‍ഷുര്‍ ചെയ്യുന്നതിനും പദ്ധതി ഉദ്ദേശിക്കുന്നു.
വൈപ്പിന്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ കൗണ്‍സിലാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴിയാണ് സര്‍വേ നടത്തുന്നത്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെയും വീടുകള്‍ കേന്ദ്രീകരിച്ച് ഒരു സര്‍വേ ആരംഭിച്ചു. പള്ളിപ്പുറം, എളങ്കുന്നപ്പുഴ പഞ്ചായത്തുകളില്‍ സര്‍വേ ഇതിനകം പൂര്‍ത്തിയാക്കി. വിശദമായ പരിശോധന ആവശ്യമാണെന്ന് ബോധ്യമാകുന്നവരെ മാത്രം മെഡിക്കല്‍ ക്യാമ്പിലെത്തിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യും. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായും കാര്യക്ഷമമായും ഏകോപിപ്പിക്കുന്നതിനു വേണ്ടിയാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. മണ്ഡലത്തിലെ ത്രിതല പഞ്ചായത്തുകള്‍, അദ്ധ്യാപക-രക്ഷാകര്‍തൃ-വിദ്യാര്‍ത്ഥി സമൂഹം, റസിഡന്റ്‌സ് അസോസിയേഷനുകള്‍, പൊതുപ്രവര്‍ത്തകര്‍, സഹകരണ സ്ഥാപനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ബിപിസിഎല്‍ കൊച്ചി റിഫൈനറി തുടങ്ങിയ സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
എസ്. ശര്‍മ എംഎല്‍എ പദ്ധതിയുടെ ചെയര്‍മാനും എറണാകുളം ജില്ലാ കളക്ടര്‍ പദ്ധതിയുടെ ജനറല്‍ കണ്‍വീനറും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവര്‍ കണ്‍വീനര്‍മാരുമാണ്.

More Citizen News - Ernakulam