അപകടത്തില്‍പ്പെട്ട ബോട്ട് ജെട്ടിയില്‍ നിന്ന് നീക്കി

Posted on: 04 Sep 2015ഫെറി സര്‍വീസ് പുനരാരംഭിച്ചില്ല


ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചില്‍ അപകടത്തില്‍പ്പെട്ട 'ഭാരത് ബോട്ട്' ജങ്കാര്‍ജെട്ടിയില്‍ നിന്ന് നീക്കി.
തകര്‍ന്ന ബോട്ട് അപകട ദിവസം കായലില്‍ നിന്ന് വടംകെട്ടി വലിച്ച് നാട്ടുകാര്‍ കരയിലേക്ക് അടുപ്പിച്ചിരുന്നു. ജങ്കാര്‍ ജെട്ടിയിലാണ് തകര്‍ന്ന ബോട്ട് കിടന്നിരുന്നത്.
ഇതുമാറ്റത്തതിനാല്‍ ജങ്കാര്‍ സര്‍വീസ് തുടങ്ങാനാവാത്ത സ്ഥിതിയിലായിരുന്നു. കേസ് സംബന്ധിച്ച് പരിശോധനകള്‍ വേണ്ടിവന്നതിനാല്‍ ബോട്ട് മാറ്റുവാനും കഴിഞ്ഞിരുന്നില്ല. അപകട ദിവസം മുതല്‍ തകര്‍ന്ന ബോട്ടിന് പോലീസ് കാവലുണ്ടായിരുന്നു.
വ്യാഴാഴ്ച കൊച്ചിന്‍ പോര്‍ട്ടിന്റെ 'വേണാട്' എന്ന ഫ്‌ലോട്ടിങ് ക്രെയിന്‍ ഉപയോഗിച്ചാണ് ബോട്ട് ഉയര്‍ത്തിമാറ്റിയത്. രണ്ടരമണിക്കൂര്‍ സമയം വേണ്ടിവന്നു. ബോട്ട് തത്ക്കാലം ജങ്കാറിലേക്കാണ് എടുത്തുവച്ചിട്ടുള്ളത്. ഉയര്‍ത്തുന്നതിനിടയില്‍ ബോട്ട് വീണ്ടും രണ്ടായി തകര്‍ന്നു. രണ്ട് കഷ്ണമായാണ് ബോട്ട് ജങ്കാറിലേക്ക് കയറ്റിയത്.
അതേസമയം വ്യാഴാഴ്ചയും ഫെറി സര്‍വീസ് തുടങ്ങാനായില്ല. ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ മേഖലയില്‍ യാത്രാദുരിതം തുടരുകയാണ്. നൂറുകണക്കിന് യാത്രാക്കാരാണ് ദുരിതത്തിലായത്. ഫെറി വഴി വാഹനഗതാഗതം തടസ്സപ്പെട്ടത് വാണിജ്യമേഖലയേയും ബാധിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, രോഗികള്‍ തുടങ്ങിയവരാണ് കൂടുതല്‍ കഷ്ടപ്പെടുന്നത്. വൈപ്പിനില്‍ നിന്ന് കസ്റ്റംസ് ജെട്ടിയിലേക്ക് ഒരു ബോട്ട് സര്‍വീസ് നടത്തി.
പുതിയ ബോട്ട് കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി നഗരസഭാധികൃതര്‍ പറഞ്ഞു. ഫോര്‍ട്ടുകൊച്ചിക്ക് അനുയോജ്യമായ ബോട്ട് ലഭിക്കാത്തതാണ് പ്രശ്‌നം.
ദുരന്തനിവാരണ നിയമം ഉപയോഗിച്ച് സ്വകാര്യബോട്ടുകള്‍ പിടിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അനുവാദം നല്‍കണമെന്ന് മേയര്‍, മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെങ്കിലും നടപടിയുണ്ടായിട്ടില്ല.

More Citizen News - Ernakulam