ശ്രീകൃഷ്ണ ജയന്തിക്ക് നാടൊരുങ്ങി
Posted on: 04 Sep 2015
കാലടി: ബാലഗോകുലം കാലടിയില്‍ സംഘടിപ്പിച്ചിട്ടുള്ള ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് ഒരുക്കം പൂര്‍ത്തിയായി. ആഘോഷത്തിന് മുന്നോടിയായി പതാക ദിനാചരണവും ഗോപൂജയും നടത്തി.
ശനിയാഴ്ച വൈകീട്ട് 4ന് മഹാശോഭായാത്ര മറ്റൂര്‍ വാമനപുരം ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും. ആദിശങ്കര കീര്‍ത്തിസ്തംഭമണ്ഡപം, ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം, ആദിശങ്കര ജന്മഭൂമി ക്ഷേത്രം എന്നിവ സന്ദര്‍ശിച്ച് കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിക്കും.
ദീപാരാധനയെത്തുടര്ന്ന് ഉറിയടി ഉണ്ടാകും. ബാലഗോകുലം നല്കുന്ന വിദ്യാഭ്യാസ-ചികിത്സാ ധനസഹായങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും.
ബാലഗോകുലം കാഞ്ഞൂര്‍ മണ്ഡലത്തിന്റെ മഹാശോഭായാത്ര 3.30ന് തുറവുങ്കര വിവേകാനന്ദ നഗര്‍, 4ന് പുതിയേടം ക്ഷേത്രം, മുല്ലയ്ക്കല് ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച് കാഞ്ഞൂര്‍ പോസ്റ്റോഫീസ് കവലയില്‍ സംഗമിക്കും. നമ്പിള്ളി പന്തയ്ക്കല്‍ ഭഗവതീ ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് ഉറിയടി, പ്രഭാഷണം, പ്രസാദവിതരണം എന്നിവ ഉണ്ടാകും.
ആഘോഷത്തിന് മുന്നോടിയായി ഗോപൂജ നടത്തി. നമ്പിള്ളി ക്ഷേത്രാങ്കണത്തില്‍ നടന്ന ഗോപൂജയ്ക്ക് ശാന്തി കെ.എ. ഉണ്ണികൃഷ്ണന് കാര്‍മികനായി. ഗോക്കള്‍ക്ക് ഭക്ഷണവും ഗോസംരക്ഷകര്‍ക്ക് ഉപഹാരവും നല്കി.
ചൊവ്വര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശനിയാഴ്ച രാവിലെ അഷ്ടാഭിഷേകം, വിശേഷാല്‍പൂജ, വൈകീട്ട് നിറമാല എന്നിവയും രാത്രി 7ന് കലാമണ്ഡലം രതീഷ്, േചരാനല്ലൂര് ഉണ്ണികൃഷ്ണ മാരാര്‍ എന്നിവരുടെ ഡബിള്‍ തായമ്പകയും ഉണ്ടാകും. രാത്രി 11ന് അഷ്ടാഭിഷേകം.
കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശനിയാഴ്ച രാവിലെ 7ന് അപ്പം നിവേദ്യം, ഉച്ചയ്ക്ക് രോഹിണി ഊട്ട് എന്നിവയുണ്ട്.